Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊങ്കലിന് തുടക്കമായി; തമിഴ്‌നാട് ഉത്സവലഹരിയില്‍

പൊങ്കലിന് തുടക്കമായി; തമിഴ്‌നാട് ഉത്സവലഹരിയില്‍

ശ്രീനു എസ്

, ബുധന്‍, 13 ജനുവരി 2021 (11:43 IST)
തമിഴ്‌നാട്ടില്‍ ബോഗി പൊങ്കലിന് തുടക്കമായി. മലയാളത്തിന് ഓണമെന്നപോലെ തമിഴിന് പൊങ്കല്‍ കാര്‍ഷിക ഉത്സവമാണ്. നാലു ദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഇത്തവണ വ്യാഴാഴ്ചയാണ് ബോഗി പൊങ്കല്‍. ഇത് മകരസംക്രമദിവസമാണ്. തുടര്‍ന്ന്, മകരം ഒന്നിനാണ് തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍. മൂന്നാംദിവസം മാട്ടുപ്പൊങ്കല്‍. നാലാംദിവസം കാണപ്പൊങ്കല്‍.
 
നാല് ദിവസങ്ങളിലായി ആഘോഷിക്കുന്ന മകര സംക്രാന്തി ഉത്സവത്തിന്റെ ആദ്യ ദിവസമാണ് ബോഗി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഇത് സാധാരണയായി ജനുവരി 13 നാണ് ആഘോഷിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വ്യാപകമായി ഈ ഉത്സവം ആഘോഷിക്കുന്നു. തമിഴ്നാട്ടില്‍ ആഘോഷിച്ചുവരുന്ന പൊങ്കല്‍ തന്നെയാണിത്. 
 
ബോഗിയില്‍, ആളുകള്‍ പഴയതും ഒഴിവാക്കിയതുമായ വസ്തുക്കള്‍ ഉപേക്ഷിക്കുകയും മാറ്റത്തിനും പരിവര്‍ത്തനത്തിനും കാരണമാകുന്ന പുതിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതിരാവിലെ, ആളുകള്‍ പഴയ വസ്തുക്കലും, മരം കൊണ്ടുള്ള ഫര്‍ണിച്ചറുകളും മറ്റും കത്തിച്ചു കളയുന്നു, അടുത്ത ദിവസം മുതല്‍ പുതിയതായി തുടങ്ങാന്‍ ഇവ ഉപയോഗപ്രദമല്ല എന്നാണിവര്‍ കരുതുന്നത്. 
 
എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ അകമഴിഞ്ഞ് ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കാര്‍ഷികോത്സവമാണിത്. ആദ്യത്തെ പൊങ്കല്‍ ദിനം ശ്രീകൃഷ്ണനെയോ മഴയുടെ ദേവനായ ഇന്ദ്രനേയോ സ്മരിച്ചുള്ളതാണ് എന്നൊരു വിവക്ഷയുണ്ട്. എണ്ണതേച്ച് വിസ്തരിച്ചൊരു കുളി, ഉച്ചയ്ക്കു മൃഷ്ടാന്ന ഭോജനം. വൈകിട്ട് ശുദ്ധികലശവും നടത്തി തീ കത്തിക്കല്‍. ഇതാണ് ബോഗി പൊങ്കലിന്റെ സവിശേഷതകള്‍
 
മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍. മാട്ടുപ്പൊങ്കല്‍ മാടുകള്‍ക്ക്. (കന്നുകാലികള്‍ക്ക്) വേണ്ടിയുള്ളതാണ്. ഇന്ത്യയില്‍ നിലനിന്നിരുന്ന മികച്ച കാര്‍ഷിക സംസ്‌കാരത്തിന്റെ ഉത്തമ നിദര്‍ശനമാണ് ഈ ഉത്സവദിനം. മനുഷ്യനോടൊപ്പം പാടു പെടുന്ന കാലികള്‍ക്കായി ഒരു ഉത്സവം. അന്ന് മാടുകളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് നല്ല ആഹാരം കൊടുക്കുന്നു. ദേഹത്ത് മഞ്ഞളും കുങ്കുമവും പൂശുന്നു.
 
അവയുടെ കഴുത്തില്‍ മാലയും ചെറിയ മണികളും കെട്ടുന്നു. കൊമ്പുകളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശുന്നു. അലങ്കരിച്ച മാടുകളെ പിന്നെ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി തെരുവില്‍ നടത്തുന്നു. നാലാം ദിനത്തിലുള്ളതാണ് കാണപ്പൊങ്കല്‍. കാണാനുള്ള ദിവസം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്. മനുഷ്യര്‍ക്കായി, പ്രകൃതിക്കായി മാറ്റിവെച്ച ഒരാഘോഷം. അന്ന് ചോറും തൈരും വാഴയിലയില്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിളമ്പിവെക്കുക പതിവാണ്. ഈ ദിവസത്തോടെ നാലു ദിവസത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ സമാപിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണം: ജയില്‍ തടവുകാരുടെ വേഷം മാറ്റുന്നു