ഇന്ത്യൻ കാലാവസ്ഥ നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ മേഖലയിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ അന്ന മാണിയുടെ 140-ാം ജന്മവാർഷികത്തിന് ആദരവ് അറിയിച്ച് പ്രത്യേക ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ആഗോളതലത്തിൽ പ്രശസ്തയാണെങ്കിലും മലയാളികൾക്ക് അധികം അറിയാത്ത ഗവേഷകയാണ് അന്ന മാണി.
1918ൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അന്ന മാണി കാലാവസ്ഥാ പ്രവചനങ്ങൾ നടത്താനും പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്താനും രാജ്യത്തെ പ്രാപ്തമാക്കുന്നതിൽ അടിത്തറ പാകിയ ഗവേഷകയാണ്. വെതർ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന അന്ന മാണി ഭൗതികശാസ്ത്രജ്ഞനും പ്രഫസറുമായ സിവി രാമൻ്റെ കീഴിൽ ഗവേഷണം നടത്തിയിട്ടുണ്ട്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിലെത്തിയ ഏക വനിതയാണ് അന്ന മാണി. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെ ലോകനിലവാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗവേഷക. അന്തരീക്ഷ ഘടനയിൽ ഓസോൺ പാളിക്കുള്ള പ്രാധാന്യത്തെ പറ്റി അന്ന മാണി നടത്തിയ ഗവേഷണങ്ങൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞത് പിന്നെയും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ്.കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് ഇന്ത്യയിലെ സൗര–പവനോർജ ലഭ്യതാ പ്രദേശങ്ങൾ അവർ തിട്ടപ്പെടുത്തി.
1963 ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചപ്പോൾ വിക്രം സാരാഭായിയുടെ ക്ഷണപ്രകാരമെത്തിയ അന്നാ മാണിയും സഹപ്രവർത്തകരുമാണ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷ പഠന സംവിധാനങ്ങൾ ഒരുക്കിയത്. ജീവിതാവസാനം വരെ ഗാന്ധിയുടെ ആദർശങ്ങൾ പിന്തുടർന്ന അന്ന മാണി 2001 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്ത് വെച്ചാണ് നിര്യാതയായത്. അവരുടെ ആഗ്രഹപ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് അടക്കം ചെയ്തത്.