അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിൽ അഭിനന്ദനം അറിയച്ച് മോദിക്ക് കത്തെഴുതാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി ഗുജറാത്തിലെ സ്കൂൾ. സംഭവം വിവാദമായി മാറിയതോടെ മാപ്പുപറഞ്ഞ് നീക്കത്തിന്നിന്നും സ്കൂൾ അധികൃതർ പിൻമാറുകയായിരുന്നു. ഗുജറാത്തിലെ അഹമ്മതാബാദിലുള്ള ലിറ്റിൽ സ്റ്റാർ സ്കൂൾ ആണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ഒരു നിർദേശം നൽകിയത്.
'അഭിനന്ദനങ്ങൾ. പൗരത്വ ഭേതഗതി നിയമം കൊണ്ടുവന്നതിൽ ഇന്ത്യയിലെ പൗരനായ ഞാൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും ഈ നിയമത്തിന്റെ പിന്തുണക്കുന്നു' എന്ന സന്ദേശം പോസ്റ്റ് കാർഡിൽ പ്രധാനമന്ത്രിക്ക് അയക്കാനാണ് 5 മുതൽ 10 വരെയുള്ള കുട്ടികളോട് സ്കൂൾ അധികൃതർ നിർദേശം നൽകിയത്.
എന്നാൽ വിവരം മാതാപിതാക്കൾ അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതരുടെ നീക്കം വിവാദമായി മറിയത്. മാതാപിതാക്കൾ ഇത് ചോദ്യം ചെയ്തതോടെ മാപ്പ് പറഞ്ഞ് സ്കൂൾ അധികൃതർ തടിതപ്പുകയായിരുന്നു. കത്ത് അയയ്ക്കാത്ത വിദ്യാർത്ഥികൾക്ക് ഇന്റേർണൽ മാർക്ക് നൽകില്ല എന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടികളുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.