ചെന്നൈ: ശബരിമലക്കായി നടക്കുന്നത് പള്ളിക്കെട്ട് പോരാട്ടമാണെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി എച്ച് രാജ. ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾക്ക് ആരാധന നടത്താം എന്ന സുപ്രീം കോടതി വിധിക്കെതിരെ അയ്യപ്പ സേവ സംഘം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സമത്വം എന്ന പേരിലാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് ചിലർ പറയുന്നത്. ലോകത്ത് സ്ത്രീ ദൈവങ്ങൾ ഉള്ള ഏക മതമാണ് ഹിന്ദുമതം. അതിലാൽ സ്ത്രീ സമത്വത്തെക്കുറിച്ച് ഹിന്ദുക്കളെ ആരും ബോധ്യപ്പെടുത്തേണ്ട. ആര് പോകണമെന്നാണോ സുപ്രീം കോടതി പറയുന്നത് അവർ തന്നെയാണ് പോകെണ്ടതില്ല എന്ന് പ്രതിഷേധിക്കുന്നതെന്നും എച്ച് രാജ പറഞ്ഞു.
സുപ്രീം കോടതിയുടെ വിധിയിൽ ജസ്റ്റിസ് ഇന്ദുമൽഹോത്ര ശരിയായ വിധി പ്രസ്ഥാവിച്ചിട്ടുണ്ട്. ആ വിധിക്ക് പക്ഷേ ഭൂരിപക്ഷം കിട്ടിയില്ലാ എന്നുമാത്രം. ഒരുപക്ഷേ ഹിന്ദുക്കളെ ഒരുമിപ്പിക്കാൻ അയ്യപ്പൻ തന്നെ പുറപ്പെടുവിച്ചതാവും ഇത്തരത്തിൽ ഒരു വിധി. ഹിന്ദു ധർമ്മങ്ങൾ ഇല്ലാതാക്കാൻ എത്രത്തോളം ശ്രമം നടക്കുന്നുവോ അത്രത്തോളം തന്നെ പ്രതിഷേധിക്കണമെന്ന് എച്ച് രാജ പറഞ്ഞു.
ഹിന്ദുമതം സ്ത്രീകൾക്കെതിരല്ല. സ്ത്രീകളെ ദൈവങ്ങളായി കാണുന്ന നാടാണിത്. പക്ഷേ ഭാര്യയെ കൂടെയിരുത്തി ആരെങ്കിലും യാഗം ചെയ്യുമോ എന്ന് എച്ച് രാജ ചോദിച്ചു. തന്റെ മകളുടെ കൂടെ മലകയറിയിട്ടുണ്ട്. ശബരിമലയിൽ ആചാരപരമായി പോകാവുന്ന പ്രായത്തിലെത്തിയതിനാൽ ഭാര്യയോടൊപ്പം ശബരിമലയിൽ പോകുമെന്നും എച്ച് രാജ വ്യക്തമാക്കി.