ഹൈദരാബാദ് നഗരം വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ജനജീവിതം ദുരിതത്തിലായി. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഹൈദരാബാദില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വെള്ളപ്പൊക്കത്തിൽ ഒരാള്‍ ഒഴുകിപ്പോകുന്നു. ജനങ്ങള്‍ ഇത് കാണുന്നുണ്ടെങ്കിലും കണ്ടുനില്‍ക്കുകയല്ലാതെ സഹായിക്കാന്‍ കഴിയാത്ത നിസഹായാവസ്ഥ.
മരങ്ങള്‍ വീണ് റോഡുകളും പാലങ്ങളും പലയിടത്തും നശിച്ചു. മിക്കയിടത്തും വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്കം കനത്ത നാശമാണ് നഗരത്തില്‍ സൃഷ്‌ടിക്കുന്നത്. ജനങ്ങള്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വീടിനുള്ളിൽ തന്നെ തുടരാൻ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ രണ്ട് മണി വരെ പെയ്ത മഴയെത്തുടർന്ന് 1,500 ഓളം കോളനികൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷാ സ്ഥലങ്ങളിലേക്ക് അയച്ചെങ്കിലും ഇനിയും ഒട്ടേറെ പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം രൂക്ഷമാകുകയും നർസാപൂർ, വിശാഖപട്ടണം, കാക്കിനാഡ എന്നിവ കടന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.