സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡന പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ സമിതി. യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജസ്‌റ്റീസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ കണ്ടെത്തൽ.
അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല. ജഡ്ജിമാരായ ഇന്ദു മൽഹോത്രയും ഇന്ദിര ബാനർജിയും ഉൾപ്പെട്ടതായിരുന്നു സമിതി. സമിതിയുടെ റിപ്പോർട്ട് അതു സ്വീകരിക്കാൻ യോഗ്യനായ അടുത്ത മുതിർന്ന ജഡ്ജിക്കു നൽകിയതായി സെക്രട്ടറി ജനറൽ വ്യക്തമാക്കി. പകർപ്പ് ചീഫ് ജസ്റ്റിസിനും നൽകി.
സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് ബോബ്ഡെ. അടുത്ത മുതിർന്ന ജഡ്ജി എൻ.വി.രമണ. ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ട് പരസ്യപ്പെടുത്താത്തത് 2003ൽ ഇന്ദിര ജയ്സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.
നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. സുപ്രീംകോടതി മുൻജീവനക്കാരിയാണ് ഗൊഗോയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്.