രാജ്യം ഇന്ന് എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇത്തവണ വിശിഷ്ടാതിഥി. സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യ പഥില്‍ അരങ്ങേറും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകള്‍,ഡ്രോണ്‍ ജാമറുകള്‍,നിരീക്ഷണ ഉപകരണങ്ങള്‍,സൈനികവാഹനങ്ങള്‍ എന്നിവ പരേഡില്‍ അണിനിരക്കും.
അതേസമയം തലസ്ഥാനനഗരവും പരിസരവും കഴിഞ്ഞ 2 ദിവസമായി കനത്ത സുരക്ഷാവലയത്തിലാണ്. 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തില്‍ നിയോഗിച്ചതായി ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതി സ്ത്രീകളാണ് ഇത്തവണ സൈനിക പരേഡില്‍ നയിക്കുന്നതും പങ്കെടുക്കുന്നതും. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ 15 വനിതാ പൈലറ്റുകളും സൈനികാഭ്യാസത്തിന്റെ ഭാഗമാകും. വീരമൃത്യു വരിച്ച സൈനികര്‍ക്ക് യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാകും റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കമാവുക.