പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും.
ഇതിനിടെ സംയുക്ത സൈനികമേധാവിമാരുമായുള്ള ഉന്നതതലയോഗത്തില്‍ ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറായി ഇരിക്കാന്‍ കര, വ്യോമ സേനകള്‍ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് നിര്‍ദേശം നല്‍കി. സൈനികമായും നയതന്ത്രപരമായും എങ്ങനെ മുന്നൊട്ട് പോകണമെന്നതിനെ പറ്റി വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഉന്നതതലയോഗത്തിന് ശേഷമാകും തീരുമാനം ഉണ്ടാവുക. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താത്പര്യമില്ല എന്ന സന്ദേശമാകും ഇന്ത്യ ലോകത്തിന് മുന്നില്‍ നല്‍കാന്‍ ശ്രമിക്കുക.