കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 8,635 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. മാസങ്ങൾക്ക് ശേഷമാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 10,000ൽ താഴെ എത്തുന്നത്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷ കടന്നു. 1,07,66,245 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 13,423 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 94 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,54,486 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,04,48,406 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 1,63,353 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 39,50,156 പേർ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചു.