ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റ് ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ - നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി
ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റ് ഭ്രമണപഥത്തിൽ
ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് മൂന്ന് (ജിഎസ്എൽവി എംകെ -ത്രീ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും വൈകിട്ട് 05.28ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഐഎസ്ആർഒയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വലിയ ദ്രവ എൻജിനും താപകവചവുമാണ് മറ്റൊരു സവിശേഷത.
2000 കിലോ മുതല്‍ 20,000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ശ്രേണിയിലുള്‍പ്പെട്ടതാണ് മാര്‍ക് 3.
ഇന്ത്യയിൽ വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച എൻജിനാണ് ഉപയോഗിക്കുന്നത്. 28 ടണ്ണുള്ള ദ്രവീകൃത ഓക്സിജനും (മൈനസ് 195 ഡിഗ്രി സെൽഷ്യസ്) ദ്രവീകൃത ഹൈഡ്രജനും (മൈനസ് 253 ഡിഗ്രി സെൽഷ്യസ്) ആണ് ഇന്ധനമായി ഉപയോഗിക്കുക.
ജിഎസ്എൽവി മാർക്ക് മൂന്നിന് 640 ടൺ ഭാരവും 43.4 മീറ്റർ ഉയരവുമുണ്ട്. നാലു ടൺവരെയുള്ള ഉപഗ്രഹങ്ങളെ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെതന്നെ ലക്ഷ്യത്തിലെത്തിക്കാനാവും.