സര്‍ ക്രീക്ക് അതിര്‍ത്തിയോട് ചേര്‍ന്ന് പാകിസ്ഥാന്‍ നടത്തുന്ന നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോകുന്നത് സര്‍ ക്രീക്കിലൂടെയാണെന്ന് പാകിസ്ഥാന്‍ ഓര്‍ക്കണമെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.
സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷങ്ങള്‍ കഴിഞ്ഞും സര്‍ ക്രീക്ക് മേഖലയിലെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം പാകിസ്ഥാന്‍ കുത്തിപൊക്കുകയാണ്. ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും വിഷയത്തില്‍ പാകിസ്ഥാന്റെ ഉദ്ദേശശുദ്ധി ശരിയല്ല. സര്‍ ക്രീക്കിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പാക് സൈന്യം സൗകര്യങ്ങള്‍ വികസിപ്പിച്ചതില്‍ ദുരുദ്ദേശ്യമുണ്ട്. സര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സാഹസമുണ്ടായാല്‍ പാകിസ്ഥാന്റെ ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന തരത്തില്‍ മറുപടി ലഭിക്കും. കറാച്ചിയിലേക്കുള്ള ഒരു വഴി സര്‍ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് പാകിസ്ഥാന്‍ ഓര്‍ക്കണം. രാജ് നാഥ് സിങ് പറഞ്ഞു.
ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന 96 കിലോമീറ്റര്‍ നീളമുള്ള ചതുപ്പ് നിലമാണ് സര്‍ ക്രീക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സര്‍ ക്രീക്കിന്റെ മധ്യത്തിലൂടെ പോകണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം കിഴക്കന്‍ തീരത്ത് കൂടെ വേണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നത്..