പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന
എന്നാല്‍ പാക്ക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേരുകയായിരുന്നെന്നും സൈന്യം പറഞ്ഞു.
പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ലെന്ന് ഇന്ത്യന്‍ സേന. ഇതിന്റെ ദൃശ്യങ്ങള്‍ സേന പുറത്തുവിട്ടു. സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരതയ്ക്ക് എതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാല്‍ പാക്ക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേരുകയായിരുന്നെന്നും സൈന്യം പറഞ്ഞു.
പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈലുകളുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാക്കിസ്ഥാന്‍ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു. എയര്‍ മാര്‍ഷല്‍ എകെ ഭാരത, ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഖായ്, വൈസ് അഡ്മിനറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ എസ് എസ് ശാര്‍ദ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതില്‍ പോലെ പ്രവര്‍ത്തിച്ചുവെന്നും അതിനെ തകര്‍ക്കാന്‍ പാക് ആക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ജെയ്‌ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്‌കറിന്റെ സഹോദരനും ഓപ്പറേഷന്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമാണ് കൊല്ലപ്പെട്ട അബ്ദുള്‍ റൗഫ്.
ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ വധിച്ച ഈ ഭീകരന്റെ സംസ്‌കാര ചടങ്ങിലാണ് പാക്കിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. ലെഫ്റ്റ് ജനറല്‍ ഫയാസ് ഹുസൈന്‍, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍, പാക്കിസ്ഥാന്‍ പഞ്ചാബ് നിയമസഭാംഗം ഉസ്മാന്‍ അന്‍വര്‍, മാലിക് സ്വഹീബ് അഹമ്മദ് എന്നിവരാണ് പങ്കെടുത്തത്. ഓപ്പറേഷന്‍ സിന്ധൂരില്‍ 100 ഭീകരരെ വധിച്ചെന്ന് ഇന്ത്യന്‍ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.