അഭിലാഷ് ടോമിയെ പന്ത്രണ്ട് മണിയോടെ രക്ഷപ്പെടുത്തും; രക്ഷാപ്രവർത്തനത്തിൽ ഗ്രെഗർ മക്ഗുക്കിനും
അഭിലാഷ് ടോമിയെ പന്ത്രണ്ട് മണിയോടെ രക്ഷപ്പെടുത്തും; രക്ഷാപ്രവർത്തനത്തിൽ ഗ്രെഗർ മക്ഗുക്കിനും
ഗോൾഡൻ ഗ്ലോബ് യാത്രക്കിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അകപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ഫ്രാന്‍സിന്റെ ഫിഷറീസ് പട്രോള്‍ കപ്പല്‍ ഓസിരിസ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഭിലാഷിന്റെ പായ്‌വഞ്ചിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ശേഷം, രണ്ട് സോഡിയാക് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തകരെ അഭിലാഷിന്റെ അരികിലേക്ക് അയക്കും. ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അഭിലാഷിനെ കപ്പലിലേക്ക് കൊണ്ടുവരും.
ഓസ്‌ട്രേലിയയും ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്.
അതേസമയം, ഗോൾഡൻ ഗ്ലോബ് മത്സരാർത്ഥിയായ ഗ്രെഗർ മക്‌ഗുക്കിനും അഭിലാഷിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകും. അഭിലാഷിന്റെ പായ്‌വഞ്ചിയില്‍നിന്ന് മുപ്പതു മൈല്‍ പടിഞ്ഞാറായാണ് മക്ഗുക്കിന്റെ പായ്‌വഞ്ചി ഇപ്പോഴുള്ളത്. എന്നാൽ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വളരെ സാവധാനം മാത്രമാണ് മക്‌ഗുക്കിന് നീങ്ങാൻ കഴിയുന്നത്.
കഴിഞ്ഞ ദിവസം പി-8ഐ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയിരുന്നു. രക്ഷാ സംഘത്തോട് റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമിക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് നടുവിന് സാരമായ പരിക്ക് പറ്റിയ നിലയിലാണ് അഭിലാഷ് ടോമി ഉള്ളത്.