ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നിയമത്തിലൂടെ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം അപകടകരമായ കുറ്റവാളികളെ ആള്‍ക്കൂട്ട വിചാരണയിലൂടെ കൊല്ലുന്നതാണ് നല്ലതെന്ന് 22ശതമാനം പോലീസുകാരും വിശ്വസിക്കുന്നു. അതേസമയം മുസ്ലീങ്ങള്‍ കുറ്റവാസനയുള്ളവരാണെന്ന് 18ശതമാനം പോലീസുകാരും കരുതുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോക്‌നീതി സിഎസ്ഡിഎസും കോമണ്‍ കേസും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കാര്യങ്ങള്‍ പറയുന്നത്. 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 8276 പോലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സര്‍വ്വയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സര്‍വേയില്‍ പങ്കെടുത്ത 30% പേരും ഗുരുതരമായ കേസുകളില്‍ മൂന്നാംമുറ രീതികള്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ 9% പേര്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പോലും മൂന്നാം മുറ ഉപയോഗിക്കണമെന്ന ആവശ്യക്കാരാണ്.