ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; അഭിമാനത്തോടെ രാജ്യം
സെഞ്ച്വറിയടിച്ച് ഐഎസ്ആര്‍ഒ; നൂറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു
ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് അത്. കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 40 ബഹിരാകാശത്തേക്ക് കുതിച്ചത്. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രമാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
ഐഎസ്ആർഒയുടെ 42–ാമതു ദൗത്യമാണിത്. കാര്‍ട്ടോസാറ്റ് 2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തോടൊപ്പം, വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് ഇന്ന് വിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഈ ശ്രേണിയില്‍പ്പെടുന്ന ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചത്.
യു.എസ്, ഫിന്‍ലന്‍ഡ്, കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ഏത് വസ്തുവിന്റെയും ചിത്രം വ്യക്തയോടെ പകര്‍ത്താനും കൃത്യമായ വിവരങ്ങളും നല്‍കാനും കഴിയുന്ന മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത. അതേസമയം, ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കുകയും ചെയ്യും.