ജയലളിതയുടെ മരണം; ശശികല ആശുപത്രിയില്‍ കാട്ടിക്കൂട്ടിയ നടകീയ സംഭവങ്ങള്‍ വെളിപ്പെടുത്തി ഒപിഎസ് രംഗത്ത്
ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നത് തടഞ്ഞത് ശശികല; വെളിപ്പെടുത്തലുമായി ഒപിഎസ്
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിദഗ്ധ ചികില്‍സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ശശികല നടരാജന് തടഞ്ഞെന്ന് ഒ പനീര്‍സെല്‍വം. അമ്മ ദീർഘകാലം അസുഖബാധിതയായി കിടന്നില്ല. വിദേശത്തു കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ തടഞ്ഞത് ശശികലയും സംഘവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയെ വിദേശത്ത് കൊണ്ടു പോയി ചികിത്സിക്കണമെന്ന് താനടക്കമുള്ള മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കും സമ്മതമായിരുന്നു, അവര്‍ അനുവാദം നല്‍കിയിട്ടും വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് ശശികലയും സംഘവും വിലക്ക് ഏര്‍പ്പെടുത്തിയെന്നും ഒപിഎസ് വ്യക്തമാക്കി.
അമ്മയ്ക്ക് നല്കിയ ചികില്‍സയെ കുറിച്ചും കാര്യങ്ങളെ കുറിച്ചും ഡോക്ടര്‍മാരില്‍ ചിലര്‍ പറഞ്ഞതോടെയാണ് ശശികലക്കും മന്നാര്‍ഗുഡി സംഘത്തിനുമെതിരെ പരസ്യമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിക്കപ്പെടണം. സത്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കാര്യത്തിലെല്ലാം സംശയം നിലനിൽക്കുകയാണെന്നും ഒപിഎസ് പറയുന്നു.
ജയലളിതയുടെ മരണത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ അടുത്ത ബുധനാഴ്ച വൈകുന്നേരം അഞ്ചു മുതൽ നിരാഹാര സത്യാഗ്രഹമിരിക്കുമെന്നും പനീർ സെല്‍വം അറിയിച്ചു.