തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാര്‍ കുറയുന്നു; ബസുകള്‍ സര്‍വീസ് നടത്താന്‍ മടിക്കുന്നു - സാഹചര്യം അതീവ ഗുരുതരം
തമിഴ്‌നാട്ടില്‍ സാഹചര്യം മോശമാകുന്നു; ഏതുനിമിഷവും എന്തും സംഭവിക്കാം
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതോടെ തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നു.
കേരളത്തില്‍ നിന്നടക്കമുള്ള ആളുകള്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്‌ക്ക് മടി കാണിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പാലക്കാടു കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള അന്തർസംസ്‌ഥാന സർവീസുകളിൽ യാത്രക്കാർ കുറവ് വന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നതിനെ തുടർന്നാണ് ബസുകളില്‍ യാത്രക്കാർ കുറഞ്ഞത്.
എല്ലാ ബസുകളിലെയും ജീവനക്കാർക്ക് അധികൃതര്‍ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പുലർച്ചെ ആറ് മുതൽ സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെങ്കിലും ഭയം മൂലം ആളുകൾ കോയമ്പത്തൂർ മുതലുള്ള സ്‌ഥലത്തേക്കുള്ള യാത്രകൾ ഒഴിവാക്കുകയാണ്. പലരും ട്രെയിന്‍ യാത്രയ്‌ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് ലഭ്യമല്ലാത്തത് അത്യാവശ്യക്കാരെ വലയ്‌ക്കുന്നുണ്ട്.
കേരളത്തിലേതടക്കമുള്ള മിക്ക ബസുകളും തമിഴ്‌നാട് അതിര്‍ത്തിക്ക് മുമ്പ് സര്‍വീസ് അവസാനിപ്പിക്കുന്നുണ്ട്. സ്വകാര്യം ബസ് സര്‍വീസുകളും സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സാഹചര്യം ഏതുനിമിഷവും മോശമായേക്കാമെന്നതിനാല്‍ പല ബസുകളും ആളുകളുമായി പോകാന്‍ മടി കാണിക്കുകയാണ്.