തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ വിയോഗത്തിനു ഒരാണ്ട്. 2016 ഡിസംബർ 5 തമിഴ് ജനത ഒരിക്കലും മറക്കാനിടയില്ലാത്ത ദിനമായി മാറി. ചിലരുടെ മരണം അങ്ങനെയാണ്. ചിലർ ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേ ഇരിക്കും.
ജയലളിതയുടെ വിയോഗത്തിനു ശേഷം തമിഴ്നാട്ടിൽ ഒട്ടനവധി സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. രണപരമായി വീഴ്ചകള്‍ ഏറെയുണ്ടായിട്ടുണ്ട് ജയലളിതയില്ലാത്ത തമിഴ്‌നാടിന്. മറീന ബീച്ചിലെ ജയ സമാധിയിലടക്കം ഇന്ന് അനുശോചന യോഗങ്ങള്‍ നടക്കും.
1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന യഥാര്‍ഥ പേരുള്ള ജയലളിത ജനിക്കുന്നത്. പിതാവിന്റെ മരണ ശേഷം അമ്മയോടൊപ്പം ആദ്യം ബംഗലൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും ഇവര്‍ താമസം മാറുകയുമായിരുന്നു.
ചെന്നൈയിൽ എത്തിയ ജയലളിതയുടെ ലക്ഷ്യം സിനിമയായിരുന്നു. ഇംഗ്ലീഷ് സിനിമയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമകളിലെ സ്ഥിരം നായികമായി മാറി. എൺപതുകളിൽ തിളങ്ങി നിന്ന നടിയായിരുന്നു ജയലളിത. എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്.
എംജിആറുമായി സൌഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980-ല്‍ അംഗമായി. പിന്നീടുള്ള ജയലളിത എന്ന സിനിമാ താരം പുരട്ചി തലൈവി എന്ന വിശേഷണത്തിലേക്ക് വളര്‍ന്നതിനു പിന്നില്‍ സിനിമാ കഥയെ വെല്ലുന്ന യാഥാര്‍ഥ്യങ്ങളാണ് ഉള്ളത്.
പാര്‍ട്ടിക്കുള്ളില്‍ നെറ്റിചുളിച്ചു നിന്ന പല മുതിര്‍ന്നവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം ചുമതല ജയലളിത നേടിയെടുത്തു. പക്ഷേ ജയളിതയ്ക്കെതിരേ പാര്‍ട്ടിയില്‍ പാളയത്തില്‍ പട തുടങ്ങിയിരുന്നു. 1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് കഴിഞ്ഞു. ജയലളിതയെ എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് തളളിപ്പുറത്താക്കാന്‍ പോലും ശ്രമം നടന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയായിരുന്നു ഫലം. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.
അവിടെനിന്നാണ് ഒരു തമിഴ്സിനിമയെ വെല്ലുന്ന തിരക്കഥ പോലെ ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്. ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.
എന്നാല്‍ അഴിമതിയുടെയും സ്വജന പക്ഷപാതിത്വത്തിന്റെയും നിരവധി കഥകളാണ് പിന്നീട് പുറത്തുവന്നത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ് ചെയ്യപ്പെട്ടു. ജയയ്ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.
ഡിഎംകെ കാണിച്ച പ്രവൃത്തിക്ക് അടുത്ത തവണ അധികാരത്തിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീര്‍ക്കുകയായിരുന്നു ജയ ചെയ്തത്. അഴിമതി മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം ഇവര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു. അപ്പോഴാണ് ഈ പകപോക്കല്‍ നടന്നത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.
ശേഷം ഡമ്മി മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തിനേ അവരോധിച്ച് അണിയറയ്ക്ക് പിന്നില്‍ നിന്ന് ജയ തമിഴകം നിയന്ത്രിച്ചു. സിനിമാക്കഥ പോലെ തന്നെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് ജയലളിതയുടെ രാഷ്ട്രീയ ജീവിതവും. അനധികൃത സ്വത്ത് സമ്പാദക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ അതുവരെ തമിഴ്‍ നാടിന്റെ നായിക ആയിരുന്ന ജയലളിതക്ക് വില്ലന്‍ പരിവേഷം കൈവന്നു.
അഴിമതി കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ്ജയലളിത. അഴിമതി ആരോപണങ്ങളുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു ജയലളിതയുടെ പേരില്‍. എന്നിരുന്നാലും പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഏകാധിപത്യ സ്വഭാവത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു ജയലളിതയെന്നത് വിസ്മരിക്കാനാകില്ല.