Publish Date: Sat, 23 Jun 2018 (12:44 IST)
Updated Date: Sat, 23 Jun 2018 (12:49 IST)
കണ്ണൂർ വിമാനത്താവളം വരുന്ന സെപ്ടംബറിൽ പ്രവർത്തനമാരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ പ്രഭു. ഇതിനായി നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളം സെപ്ടംബറിൽ പ്രവർത്തനമാരംഭിക്കുന്ന നിലയിൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി ഒരു പ്രതിനിധിയെ ഡൽഹിയിൽ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു
കണ്ണൂരിൽ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിന്റെ എല്ലാ മേഖലക്കും കരുത്ത് പകരാനാകുമെന്നും. ഇതുവഴി വാണിജ്യത്തെയും വിനോദ സഞ്ചാരത്തെയും കൂടുതൽ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.