Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kargil Vijay Diwas 2025: കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; കൊല്ലപ്പെട്ടത് 407 ഇന്ത്യന്‍ സൈനികര്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്

Kargil Vijay Diwas 2025, Kargil Vijay Diwas 2025 History, KARGIL VIJAY DIWAS HISTORY, കാര്‍ഗില്‍

രേണുക വേണു

New Delhi , ശനി, 26 ജൂലൈ 2025 (11:27 IST)
Kargil Vijay Diwas

Kargil Vijay Diwas 2025: അതിര്‍ത്തിയിലൂടെ അശാന്തി പരാത്താനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിക്കാന്‍ കഴിഞ്ഞ ദിനമാണ് 'കാര്‍ഗില്‍ വിജയ് ദിവസ്'. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി കാര്‍ഗില്‍ യുദ്ധ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചതിന്റെ വാര്‍ഷികമാണ് ജൂലൈ 26.
 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില്‍ പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന്‍ ജവാന്‍മാര്‍ പാകിസ്ഥാന്‍ കൈയേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്. വേനല്‍ക്കാലത്ത് പോലും കൊടും ശൈത്യം അനുഭവപ്പെടുന്ന കാര്‍ഗിലില്‍ തണുപ്പുകാലത്ത് പൂജ്യത്തിനും താഴെ 50 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്.
 
എല്ലാ ശൈത്യകാലത്തും അതിര്‍ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് കാവല്‍ സൈനികര്‍ മാറി നില്‍ക്കാറുണ്ട്. വീണ്ടും വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുകയും ചെയ്യും. എന്നാല്‍, 1999 ല്‍ പതിവിലും നേരത്തെ മടങ്ങിയെത്തിയ പാകിസ്ഥാന്‍ സൈന്യം കശ്മീര്‍ ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗറിലെ ദേശീയ പാത നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്.
 
1999 മെയ് 26 ന് ജമ്മു കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്-ബടാലിക് മേഖലകളില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ പിന്തുണയുള്ള ആക്രമണകാരികള്‍ക്കു നേരെ വ്യോമാക്രമണം നടത്തിക്കൊണ്ട് ഇന്ത്യയ്ക്ക് 28 വര്‍ഷത്തിനുശേഷം വീണ്ടുമൊരു യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. മെയ് 8-നാണ് കാര്‍ഗില്‍ മലനിരകള്‍ക്കു മുകളില്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. 25 കി.മീ. വരുന്ന ഇന്ത്യന്‍ പ്രദേശത്ത് 600-800 നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സൈന്യത്തിന് ബോധ്യമായപ്പോഴേക്കും വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞു. ശ്രീനഗറിലെ ഹൈവേ പിടിച്ചടക്കുകയെന്ന പാക് തന്ത്രഭാഗമായിരുന്നു നുഴഞ്ഞുകയറ്റം.
 
യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ശത്രുവിന്റെ ശേഷിയെ കുറച്ചുകണ്ട ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. മെയ് 27-ന് ഇന്ത്യയുടെ മിഗ്-27 വിമാനം വെടിവച്ചിട്ട് ഫ്ലൈറ്റ് ലഫ്. കെ. നചികേതയെ പാകിസ്ഥാന്‍ തടവുകാരനാക്കി. നചികേതയെ അന്വേഷിച്ചുപോയ മിഗ്-21 വിമാനത്തെ നിയന്ത്രണരേഖയില്‍ വെടിവച്ചിട്ടു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജ കൊല്ലപ്പെട്ടു. മെയ് 28-ന് ഇന്ത്യയുടെ മിഗ്-17 ഹെലികോപ്റ്റര്‍ വെടിയേറ്റുവീണ് 4 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ വ്യോമസേന ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ചു. യുദ്ധത്തിന്റെ തന്ത്രം മാറ്റി.
 
ഇന്ത്യന്‍ സൈന്യം ജൂണ്‍ ആദ്യ ആഴ്ചയില്‍ കാര്‍ഗിലിലും ദ്രാസിലും ആക്രമണം ശക്തമാക്കി. ജാട്ട് റജിമെന്റിലെ 6 സൈനികരുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം പാകിസ്ഥാന്‍ ഇന്ത്യയെ ഏല്‍പിച്ചത് അംഗഭംഗം വരുത്തിയ നിലയിലാണ്. ജൂണ്‍ 13-ന് ഇന്ത്യന്‍ സേന ടോലോലിങ് കൊടുമുടി പിടിച്ചെടുത്തു. ജൂണ്‍ 20-ന് പോയിന്റ് 5140 പിടിച്ചെടുത്തതോടെ ടോലോലിങ് കുന്നുകള്‍ പൂര്‍ണമായും ഇന്ത്യന്‍ അധീനത്തിലായി. ജൂലൈ 4-ന് ടൈഗര്‍ ഹില്ലും തിരിച്ചുപിടിച്ചു.
 
അന്താരാഷ്ട്ര രംഗത്തെ കടുത്ത സമ്മര്‍ദ്ദം കാരണം പാകിസ്ഥാന്‍ ജൂലൈ പതിനൊന്നോടെ കാര്‍ഗിലില്‍നിന്ന് നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിക്കാന്‍ തുടങ്ങി. 'ഓപ്പറേഷന്‍ വിജയ്' എന്നു പേരുള്ള കാര്‍ഗില്‍ യുദ്ധം വിജയിച്ചതായി ജൂലൈ 14-ന് വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാര്‍ഗില്‍ വിജയ് ദിനമായി ആചരിക്കാനും തുടങ്ങി. 
 
74 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 407 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 584 പേര്‍ക്ക് പരുക്കേറ്റു. 6 പേരെ കാണാതായി. പാകിസ്ഥാന്‍ പക്ഷത്ത് മരണം 696.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Govindachamy: റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള വഴി തെറ്റി, ലക്ഷ്യം തമിഴ്‌നാട്ടില്‍ എത്തുക; ഇനി വിയ്യൂരില്‍ ഏകാന്ത തടവ്