കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിലെ പരമേശ്വരയ്ക്ക് ലഭിക്കുമെന്ന് ഏകദേശം ഉറപ്പായി. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന്‍റെ യഥാര്‍ത്ഥ കിംഗ് മേക്കറായ ഡി കെ ശിവകുമാര്‍ കര്‍ണാടക പി സി സി അധ്യക്ഷനാകുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
കര്‍ണാടകയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കൈവരിച്ചിരിക്കുന്ന നേട്ടം യഥാര്‍ത്ഥത്തില്‍ ഡി കെ ശിവകുമാറിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ ഫലമാണ്. അതിനുള്ള പ്രതിഫലം ഡി കെയ്ക്ക് നല്‍കാന്‍ തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. ഉപമുഖ്യമന്ത്രി സ്ഥാനമാണ് ഡി കെ ആഗ്രഹിക്കുന്നതെങ്കിലും തല്‍ക്കാലം അത് ലഭിക്കില്ല എന്നാണ് സൂചന.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്ന് വന്നാല്‍ ശരിയാവില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനമാണ് ഡി കെയ്ക്ക് വിനയാകുന്നത്. പകരം ഡി കെയെ പി സി സി അധ്യക്ഷനാക്കാനാണ് തീരുമാനമെന്നറിയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കര്‍ണാടകയില്‍ ശക്തമായി നയിക്കാനും ഡി കെ പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ.
കയ്പുനീര്‍ കുടിച്ചും താന്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തേക്കുറിച്ച് കഴിഞ്ഞ ദിവസം ശിവകുമാര്‍ പ്രതികരിച്ചത്. ശത്രുപക്ഷത്ത് ഡി കെ എന്നും ഒന്നാമതായി കണ്ടിരുന്നത് ജെ ഡി എസിനെയായിരുന്നു. അവരുടെ ഉന്നത നേതാക്കളെ പല തവണ ഡി കെ തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടി പറഞ്ഞത് അനുസരിക്കുകയാണ് തന്‍റെ ധര്‍മ്മമെന്ന് തിരിച്ചറിഞ്ഞ് ഡി കെ അരയും തലയും മുറുക്കിയപ്പോള്‍ സാധ്യമായത് കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യം. കരിഞ്ഞുവീണത് ബി ജെ പിയുടെ അധികാരസ്വപ്നങ്ങളും.