ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള എക്‌സ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള എക്‌സ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ ആക്ഷന്‍ 79 -3 -ബി പ്രകാരം ബ്ലോക്കിംഗ് ഉത്തരവുകള്‍ പുറപ്പെടുപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് എക്‌സ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്നും അതിന്റെ നിയന്ത്രണം ഒരു ആവശ്യകതയാണെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇത് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം ഒരു പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അട്ടിമറിക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.