തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ
നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നിശ്ചിത തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നിശ്ചിത തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് (സെപ്തംബര്‍ 23) വിളിച്ചു ചേര്‍ത്ത ജില്ലാകളക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.
ത്രിതലപഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാകളക്ടര്‍മാരെയാണ്. ഗ്രാമപഞ്ചായത്തികളിലെ വാര്‍ഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 16 വരെയും, ബ്ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബര്‍ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഒക്ടബോര്‍ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയില്‍ തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ നറുക്കെടുപ്പും അര്‍ബന്‍ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചിയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വാര്‍ഡ് സംവരണം, വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. വോട്ടര്‍പട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും.
വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in ല്‍ ലഭ്യമാണ്. ഇവര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 7 മുതല്‍ 10 വരെ ജില്ലാതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് സെപ്തംബര്‍ 26 ന് ഓണ്‍ലൈനായി പരിശീലനം നല്‍കും. ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് സെപ്തംബര്‍ 25 നും ജില്ലാതല മാസ്റ്റര്‍ട്രെയിനര്‍മാര്‍ക്ക് സെപ്തംബര്‍ 29, 30 തീയതികളിലും കമ്മീഷന്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബര്‍ 3 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു.