കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പില്‍ ജയിച്ചുകയറുമോ? രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കാര്യമാണിത്. 104 എം എല്‍ എമാര്‍ മാത്രമുള്ള ബി ജെ പിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ വരട്ടെ. ചില കളികളിലൂടെ യെദ്യൂരപ്പയ്ക്ക് തുടരാനുള്ള സാധ്യത തെളിഞ്ഞുകിട്ടിയേക്കാം. എന്നാല്‍ അത്തരം കളികള്‍ക്ക് ബി ജെ പി തയ്യാറാകുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് നേരെയുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെട്ടേക്കാം.
പ്രോടേം സ്പീക്കറായി നിയമിക്കപ്പെട്ടിരിക്കുന്ന കെ ജി ബൊപ്പയ്യ ബി ജെ പിയുടെ ഉന്നതനായ നേതാവാണ്. അദ്ദേഹം മുമ്പ് സ്പീക്കറായിരിക്കെ, യെദ്യൂരപ്പയ്ക്കെതിരെ പ്രതിഷേധിച്ച 11 എം എല്‍ എമാരെ അയോഗ്യരാക്കിയ ചരിത്രമുള്ളയാളാണ്. യെദ്യൂരപ്പയുടെ വിജയത്തിനുവേണ്ടി ഇത്തവണ ബൊപ്പയ്യ ഏതെങ്കിലും രീതിയിലുള്ള ഇടപെടല്‍ നടത്തിയാല്‍ അത് വലിയ വിഷയമായി മാറും.
വോട്ടുകള്‍ എതിര്‍കക്ഷിക്ക് പോകാനുള്ള സാധ്യത തടയാനായി തങ്ങളുടെ എം എല്‍ എമാര്‍ക്ക് ഓരോ പാര്‍ട്ടിയും വിപ്പ് നല്‍കും. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് വോട്ട് നല്‍കാനുള്ള വിപ്പ് ലംഘിക്കുകയാണെങ്കില്‍ അയാള്‍ക്ക് കൂറുമാറ്റനിരോധന നിയമപ്രകാരം എം എല്‍ എ സ്ഥാനം നഷ്ടപ്പെടാം. അങ്ങനെ അയോഗ്യരാകുന്ന എം എല്‍ എമാരെ ഒഴിവാക്കിയതിന് ശേഷമായിരിക്കും സഭയിലെ ഭൂരിപക്ഷം നിശ്ചയിക്കുക.
അവിടെയാണ് സ്പീക്കര്‍ക്ക് ഇടപെടല്‍ നടത്താനുള്ള സാധ്യത ഒളിഞ്ഞുകിടക്കുന്നത്. ഒരാള്‍ അയോഗ്യനായോ എന്ന് പരിശോധിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. ആ തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ സ്പീക്കര്‍ക്ക് കഴിയും. അത്തരം തീരുമാനങ്ങള്‍ വര്‍ഷങ്ങളോളം വൈകിപ്പിച്ച സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിനനുസരിച്ച് സ്പീക്കര്‍ പ്രവര്‍ത്തിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറാം. യോഗ്യനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നതിനിടെ ഒരു എം എല്‍ എയുടെ കാലാവധി പൂര്‍ത്തിയാവുകയും ചെയ്യുന്നു. അത്തരം കളികള്‍ ശനിയാഴ്ച കര്‍ണാടകയില്‍ നടക്കുമോ? കാത്തിരുന്ന് കാണാം.