Karur Stampede: 'വിജയ്‌യെ കാണാൻ പോയതാ അവർ, അടുത്ത മാസം കല്യാണമായിരുന്നു'; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും
അടുത്ത മാസം രണ്ട് പേരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം.
കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. കരൂർ സ്വദേശികളായ ആദർശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്‌യെ കാണാൻ എത്തിയതായിരുന്നു ഇരുവരും. അടുത്ത മാസം രണ്ട് പേരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം.
'വിജയ്‌യെ കാണാൻ പെണ്ണും ചെക്കനും കൂടെ പോയതാ. വിജയ്ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ് ഇരുവരും. അടുത്ത മാസം കല്യാണമായിരുന്നു. വൈകീട്ട് 6:30നു സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഒരുമിച്ച് ജീവിക്കും മുന്നേ രണ്ടാളും പോയി', ബന്ധുക്കൾ കണ്ണീരോടെ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. 111 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 51പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ ആരോഗ്യനില അതീവഗുരുതരമാണ്.
അപകടം നടന്നയുടൻ വിജയൻ ചെന്നൈയിലേക്ക് തിരിച്ചു. സംഭവത്തിൽ പ്രതികരിക്കാനോ അപകടത്തിലായവരെ ആശുപത്രിയിൽ എത്തിക്കാനോ അദ്ദേഹം മുൻകൈ എടുത്തില്ല. എന്നാൽ സംഭവമറിഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംഭവസ്ഥലത്തെത്തി. പുലർച്ചെ 3.30ഓടെ അദ്ദേഹം ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേർന്ന ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്.