ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. മൂന്നു സിആർപിഎഫ് ജവാൻമാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമാണു വീരമൃത്യു വരിച്ചത്. ഒരു സാധാരണക്കാരനും ആക്രമണത്തിനിടെ മരിച്ചു.
പ്രദേശത്തെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ക്കെതിരെ നടത്തിയ വെടിവയ്പിലാണു സംഭവമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് അക്രണം തുടരുകയാണ്. കെട്ടിടത്തിനകത്ത് എത്ര ഭീകരൻമാർ ഒളിച്ചിരിപ്പുണ്ടെന്നോ എത്ര പേർ കൊല്ലപ്പെട്ടെന്നോ ഇതുവരെ കൃത്യമായ വിവരമില്ല.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഷെല്ലിങ് രൂക്ഷമായിരിക്കുകയാണ്. ഇന്നലെ പൂഞ്ച് സെക്ടറിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് പാക് സേന ആക്രമണം നടത്തുന്നതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ദേവേന്ദർ ആനന്ദ് വ്യക്തമാക്കി.
പ്രശ്നബാധിത ഗ്രാമങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ ഒഴിഞ്ഞു പോയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പരുക്കേറ്റവരെ ബാരാമുള്ളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.