തട്ടുപൊളിപ്പൻ വാചകമടികളല്ലാതെ ബച്ചന്റെ തലയിൽ ഒന്നുമില്ലെന്നു കട്‌ജു; 100% സത്യമെന്നു ബച്ചൻ
അമിതാഭ് ബച്ചനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷപരിഹാസവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു
അമിതാഭ് ബച്ചനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷപരിഹാസവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. തട്ടുപൊളിപ്പൻ വാചകമടികളും ഏതാനും ചില ഹാസ്യവേഷങ്ങളുമല്ലാതെ ബച്ചന്റെ തലയിൽ ഒന്നുമില്ലെന്നാണ് കട്ജു സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചത്.
എന്നാല്‍ ഈ പരിഹാസത്തിനെതിരെ തകർപ്പൻ മറുപടിയുമായി ബിഗ് ബിയും രംഗത്തെത്തി. കട്ജുവിന്റെ വാക്കുകൾ 100% സത്യമാണെന്നും തന്റെ തലയില്‍ ഒന്നുമില്ലെന്നും ബച്ചൻ തിരിച്ചടിച്ചു. കൂടാതെ കട്ജു തന്റെ മുതിർന്ന സഹപാഠിയാണെന്നും ഒരു തരത്തിലുള്ള ശത്രുതയും തങ്ങള്‍ തമ്മിലില്ലെന്നും ബച്ചൻ വ്യക്തമാക്കി.
‘പിങ്ക്’ എന്ന സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ പറ്റി മാധ്യമങ്ങളും ആരാധകരും പ്രശംസിച്ചിരുന്നു. തുടര്‍ന്നാണ് കട്ജു തന്റെ പതിവു ശൈലിയില്‍ ‘വേറിട്ട’ അഭിപ്രായം തൊടുത്തത്. മാധ്യമപ്രവർത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്ത്തുന്ന അവരുടെ തലയിലും ഒന്നുമില്ലെന്നും കട്ജു പരിഹസിച്ചു.