ഇയാൻ ഹ്യൂം കലിപ്പടക്കി! ഇത് ഹ്യൂമേട്ടൻ ബ്രില്ല്യൻസ്!
ഇത് വിമർശകരുടെ മുഖത്തടിച്ച മൂന്ന് ഗോളുകൾ
ഗോളടിക്കാത്തതിന്റെ പേരിൽ ഇയാൻ ഹ്യൂം കേട്ട വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. വിമർശകരുടെ മുഖത്തടിച്ച് മൂന്ന് ഗോളുകളായിരുന്നു ഇന്നലെ ഡൽഹിക്കെതിരായ കളിയിൽ ഫുട്ബോൾ പ്രേമികൾ കണ്ടത്. വിമർശനങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ ഗോൾ വല ചലിപ്പിച്ചത്. അതും ഒന്നല്ല, മൂന്ന് വട്ടം.
തലസ്ഥാന നഗരയിൽ ഇന്നലെ കണ്ടത് തീർത്തും ഹ്യൂമേട്ടൻസ് ബ്രില്യൻസ് ആയിരുന്നു. 11 ആം മിനിറ്റിലെ ഗോൾ പറന്നപ്പോൾ ഗാലറി ഒന്നാകെ ആർത്തുവിളിച്ചു, ഹ്യൂമേട്ടൻ കീ ജയ്... അതേ ഇന്നലെ ഹ്യൂമിന്റെ ദിവസമായിരുന്നു. അദ്ദേഹത്തിനു മാത്രം കഴിയുമായിരുന്ന ഗോളുകൾ.
രണ്ടാം പകുതിയിൽ ആദ്യ 30 മിനുറ്റോളം ബ്ലാസ്റ്റേഴ്സ് വളരെ മങ്ങിയ പ്രകടനമായിരുന്നു നടത്തിയത്. ജയം ഉറപ്പിക്കാൻ ആരാധകർക്ക് പോലും കഴിഞ്ഞിരുന്നില്ല. ഇക്കളിയിലും ബ്ലാസ്റ്റേഴ്സിന് ജയിക്കാനാകില്ലെന്ന് തോന്നിച്ച സ്ഥലത്തു നിന്നാണ് ഹ്യൂം തകർപ്പൻ പ്രകടനം നടത്തിയത്.
11ആം മിനുട്ടിൽ പെകൂസന്റെ പാസിനു കുറുകെ ഡൈവ് ചെയ്തപ്പോൾ ലഭിച്ച ഗോൾ ആയിരുന്നു ഹ്യൂമേട്ടന്റെ ആദ്യഗോൾ. അതൊരു സൂചന മാത്രമായിരുന്നു. വരാനിരിക്കുന്ന രണ്ട് കിടിലൻ ഗോളുകളുടെ സൂചന. ഹ്യൂമിന്റെ രണ്ടാമത്തെ ഗോൾ കൂടി ആയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മൊത്തം ആത്മവിശ്വാസവും ഉയർന്നു. പിന്നീട് കണ്ട ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ രണ്ടാം പകുതിയിൽ കണ്ട അതേ ബ്ലാസ്റ്റേഴ്സ് ആയിരുന്നു.
തലക്ക് പരിക്കേറ്റത് കെട്ടിവെച്ചാണ് ഹ്യൂം കളിയിൽ ഉടനീളം കളിച്ചത്. സത്യത്തിൽ തലയിലെ മുറിവും വെച്ചുകെട്ടി ഡല്‍ഹിയിലെ കൊടുംതണുപ്പിനെയും വകവെയ്ക്കാതെ കേരളത്തിനായി ഇയാന്‍ ഹ്യൂം നടത്തിയത് താണ്ഡവം തന്നെയാണ്. പ്രകടനത്തിൽ മാത്രമല്ല ടീമിനോടുള്ള ആത്മാർത്ഥതയ്ക്കും ഹ്യൂമിനെ മറികടക്കാൻ ആരും ഉണ്ടായിരുന്നില്ല കളത്തിൽ എന്ന് വേണം പറയാൻ.
ഹ്യൂമിന്റെ മൂന്ന് ഗോളുകൾ ബ്ലാസ്റ്റേഴ്സിനെ കളിയിൽ ജയിപ്പിക്കുക മാത്രമല്ല, ആറാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. ഒമ്പത് മത്സരങ്ങളിൽ നിന്നുമായി 11 പോയിന്റ് നേടി ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.