Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിനായി ശബ്‌ദമുയർത്തണം: കെകെ ശൈലജ

നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിനായി ശബ്‌ദമുയർത്തണം: കെകെ ശൈലജ
, ചൊവ്വ, 25 മെയ് 2021 (15:28 IST)
ലക്ഷദ്വീപിനെ നശിപ്പിക്കുന്ന തരത്തിലുള്ള അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനങ്ങൾക്കെതിരെ ഓരോ പൗരന്മാരും ശബ്‌ദമുയർത്തണമെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ.ശൈലജ. നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയര്‍ത്തണം.ഇത് ഒരു നാടിന്റെ ജീവൻമരണ പോരാട്ടമാണെന്നും കെകെ ശൈലജ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
 
ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപെന്നും ഇന്ന് ലക്ഷദ്വീപിൽ ടൂറിസത്തിൻ്റെ പേരുപറഞ്ഞ് വൻകിട മുതലാളിമാർക്ക് കച്ചവടങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ കൊണ്ടുവരുന്ന കേന്ദ്ര ഗവൺമെൻറ്  ആദ്യം ചെയ്യേണ്ടത്  ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ആശുപത്രി സംവിധാനം അവർക്ക് ഒരുക്കി കൊടുക്കുകയാണെന്നും കെകെ ശൈലജ പോസ്റ്റിൽ പറയുന്നു
 
കെകെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. പ്രകൃതി രമണീയത കൊണ്ടും മനുഷ്യർ തമ്മിലുള്ള വലിയ സ്നേഹവും, ഐക്യവും കൊണ്ടും ലക്ഷദ്വീപ് ആശ്വാസകരം ആയിട്ടുള്ള ഒരു പ്രദേശം ആയി മാറുന്നു.
നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ അവസരം കിട്ടിയത്. അവിടെയുള്ള ജനങ്ങളുടെ നിഷ്കളങ്കമായ സ്നേഹം നേരിട്ട് അനുഭവിക്കാൻ സാധിച്ചു. ലക്ഷദ്വീപിലെ ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രി വളരെ മനോഹരമായും, വൃത്തിയായും സൂക്ഷിച്ചിരുന്നതായി കണ്ടു.
എന്നാൽ ഹൈടെക് സംവിധാനങ്ങൾ അവിടെ വളരെ കുറവാണെന്നും അത് ലഭ്യമാകേണ്ടതുണ്ടെന്നും ലക്ഷദ്വീപ് നിവാസികൾ അന്ന് പറഞ്ഞിരുന്നു. ഉയർന്ന ചികിത്സയ്ക്ക് കേരളത്തെയാണ് ലക്ഷദ്വീപ് നിവാസികൾ ആശ്രയിച്ചുകൊണ്ടിരുന്നത്. എറണാകുളത്ത് ജനറൽ ഹോസ്പിറ്റലിലും, എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലും ലക്ഷദ്വീപിൽ നിന്ന് വരുന്ന ആളുകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താറുണ്ട്. 
 
എന്നാൽ കടുത്ത അസുഖം ബാധിക്കുന്ന രോഗികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് യാത്രാസൗകര്യങ്ങൾ വളരെ പരിമിതമാണ്. വർഷങ്ങളുടെ പഴക്കമുള്ള ഹെലികോപ്റ്ററുകൾ ആണ് രോഗികളെ ലക്ഷദ്വീപിൽ നിന്ന് എറണാകുളത്തേക്കും, തിരിച്ചും എത്തിക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. 
ഇന്ന് ലക്ഷദ്വീപിൽ ടൂറിസത്തിൻ്റെ പേരുപറഞ്ഞ് വൻകിട മുതലാളിമാർക്ക് കച്ചവടങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ കൊണ്ടുവരുന്ന കേന്ദ്ര ഗവൺമെൻറ്  ആദ്യം ചെയ്യേണ്ടത്  ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ആശുപത്രി സംവിധാനം അവർക്ക് ഒരുക്കി കൊടുക്കുകയാണ്. അത്തരത്തിൽ ജനകീയ കാര്യങ്ങളൊന്നും ചെയ്യാതെ ലക്ഷദ്വീപിനെയും കുത്തക മുതലാളിമാരുടെ കച്ചവട താൽപര്യങ്ങൾക്ക്, അവരുടെ ലാഭക്കൊതിക്ക് പാത്രമാക്കാൻ തുനിയുകയാണ് കേന്ദ്ര ഗവൺമെൻറ്.
 
ആർക്കും കേട്ടാൽ അത്ഭുതം തോന്നുന്ന രീതിയിൽ ഏകാധിപത്യപരമായ ചില തീരുമാനങ്ങൾ എടുത്തു എന്നതാണ് കേന്ദ്ര ഗവൺമെൻറ് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ലക്ഷദ്വീപിൽ മദ്യശാലകൾ ആരംഭിക്കുന്നതിനും അവിടെയുള്ള ജനങ്ങളുടെ സ്വതസിദ്ധമായ ജീവിതം തകർക്കുന്ന നടപടികൾ എടുക്കുന്നതിനും തയ്യാറായിരിക്കുന്നു. പശുവളർത്തൽ പോലും നിഷേധിച്ചു എന്നതും, ലക്ഷദ്വീപിലെ അംഗൻവാടികൾ അടച്ചുപൂട്ടി എന്നതും, എല്ലാ സാമൂഹ്യക്ഷേമ നടപടികളും അവസാനിപ്പിക്കുകയാണ് എന്നതും ഖേദകരമാണ്.  രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നിരിക്കുകയാണ്. സ്കൂളുകളിൽ കുട്ടികൾക്ക് മാംസാഹാരം നിഷേധിച്ചു എന്നതും നമ്മുടെ സ്വതന്ത്ര ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. സ്വന്തം സ്വാർത്ഥ താല്പര്യം ഒരു ജനതയിലാകെ അടിച്ചേൽപ്പിക്കാനുള്ള വർഗീയവാദപരമായിട്ടുള്ള ആശയത്തിൻ്റെ പ്രതിഫലനം തന്നെയാണ് ഇത്.
കേന്ദ്ര ഗവൺമെൻ്റിൻ്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിൻ്റെയും നടപടിക്രമങ്ങൾ ദ്വീപിനെ വലിയ അപകടത്തിലേക്കാണ് എത്തിക്കുന്നത്. വലിയ ചിട്ടയോടു കൂടിയ പ്രവർത്തനത്തിന് ഫലമായി കോവിഡ് മഹാമാരിയെ ദ്വീപിൽ നിന്നും അകറ്റി നിർത്തിയിരുന്നു. കൊച്ചിയിൽ നിന്ന് ദ്വീപിലേക്ക് പോകുന്ന എല്ലാവരെയും കൃത്യമായി പരിശോധന നടത്തി മാത്രമാണ് ദ്വീപിലേക്ക് അയച്ചിരുന്നത്. ദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് എത്തുമ്പോഴും കൃത്യമായി ക്വാറന്റീൻ ചെയ്തു രോഗ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പോസിറ്റീവ് ആയാൽ  ചികിത്സാ സൗകര്യവും ഒരുക്കിയിരുന്നു. അതിൻ്റെ  ഫലമായി ലക്ഷദ്വീപിൽ കോവിഡ്  ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇത് വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് നാം കണ്ടിരുന്നത്.
 
ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ ഒത്താശയോടെ ടൂറിസ്റ്റുകളെ യഥേഷ്ടം കടത്തിവിടുകയും  ലക്ഷദ്വീപിൽ അങ്ങിങ്ങായി കോവിഡ് പ്രത്യക്ഷപ്പെടുകയും അത് വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇത് ലക്ഷദ്വീപ് നിവാസികളോട് ചെയ്യുന്ന വലിയ ക്രൂരതയാണ്.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെട്ടു കൊണ്ട് മഹാമാരിയെ ലക്ഷദ്വീപിൽ നിന്ന് തുടച്ചുനീക്കാനുള്ള നടപടിയാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
 
മനോഹരമായ  ഈ പവിഴ ദ്വീപിനെ നശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര ഗവൺമെൻൻ്റും കേന്ദ്ര ഗവൺമെൻറ് നിയമിച്ചിട്ടുളള അഡ്മിനിസ്ട്രേറ്ററും പിന്തിരിയണം. നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണം. ഇത് ഒരു നാടിൻ്റെ ജീവൻമരണ പോരാട്ടമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ആറ് ജില്ലകളിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു