Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ ലോക്ക്ഡൗണിലേക്ക്? 150 ജില്ലകള്‍ പൂര്‍ണമായി അടച്ചിടണമെന്ന് ആരോഗ്യമന്ത്രാലയം

ഒടുവില്‍ ലോക്ക്ഡൗണിലേക്ക്? 150 ജില്ലകള്‍ പൂര്‍ണമായി അടച്ചിടണമെന്ന് ആരോഗ്യമന്ത്രാലയം
, ബുധന്‍, 28 ഏപ്രില്‍ 2021 (11:25 IST)
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ഇനിയും കാത്തിരിക്കാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചായിരിക്കണം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതെന്നും ശുപാര്‍ശയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തില്‍ കൂടുതലുള്ള 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ ഉടന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതാണ് അഭികാമ്യമെന്ന ആവശ്യം ഉയര്‍ന്നത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ലോക്ക്ഡൗണ്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ചുരുങ്ങിയത് രണ്ട് ആഴ്ചത്തേയ്ക്ക് എങ്കിലും ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
 
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ കേരളം പൂര്‍ണമായി സ്തംഭിച്ചേക്കും. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തില്‍ കൂടുതലാണ്. ഇന്നലെ കേരളത്തില്‍ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്. എന്നാല്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചാല്‍ സംസ്ഥാനം വഴങ്ങും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളമശേരിയില്‍ 150 കിലോയുടെ കഞ്ചാവ് വേട്ട