ഹരിയാനയിലും ഡല്‍ഹിയിലും വെട്ടുകിളി ആക്രമണം രൂക്ഷമായി. അതീവ ജാഗ്രതയാണ് ഈ പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെട്ടുക്കിളിയുടെ വലിയ കൂട്ടം ഇപ്പോൾ ഗുഡ്ഗാവിലെത്തിയിരിക്കുകയാണ്. ഹരിയാനയിലെ പ്രദേശത്തിന്റെ വലിയ ഭാഗങ്ങൾ വെട്ടുകിളികള്‍ മൂടിക്കഴിഞ്ഞു. ഗുഡ്ഗാവിലെ നിരവധി പ്രദേശങ്ങളിൽ വെട്ടുക്കിളിയുടെ കൂട്ടം ശനിയാഴ്ച ആകാശം മൂടുന്നതായാണ് കാഴ്‌ച. ദില്ലിയിലെ സമീപ ജില്ലകളിലും ഹൈ അലർട്ട് നൽകിയിട്ടുണ്ട്.
ഗുഡ്ഗാവിലെ റെസിഡൻഷ്യൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങൾ വെട്ടുക്കിളികളാൽ മൂടപ്പെട്ടിരുന്നു. ഉയർന്ന കെട്ടിടങ്ങളിലെ താമസക്കാർ വെട്ടുക്കിളി ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.
ഗുഡ്ഗാവിലെ തിരക്കേറിയ എംജി റോഡ്, IFFCO ചൌക്ക് പ്രദേശങ്ങൾ പോലും വെട്ടുക്കിളികളാൽ മൂടപ്പെട്ടു. ഡിഎൽഎഫ് ഫേസ് I-IV, ഗുഡ്ഗാവിലെ വില്ലേജ് ചക്കർപൂർ, സിക്കന്ദർപൂർ, സുഖ്രാലി പ്രദേശങ്ങളും വെട്ടുക്കിളി ആക്രമണത്തില്‍ ദുരിതം അനുഭവിക്കുകയാണ്.
ഡല്‍ഹിയുടെ സമീപ ജില്ലകളിലെ ഭരണകൂടം ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡല്‍ഹിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലെ ഗ്രാമീണർക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വെട്ടുകിളികളെ നേരിടാനുള്ള പരിശീലനം നൽകി. പ്രദേശത്ത് വെട്ടുക്കിളി ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്നും പ്രദേശങ്ങളിൽ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സൗത്ത് വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.