Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതം സന്ദേശമാക്കിയ ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം !

ജീവിതം സന്ദേശമാക്കിയ ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം !
, ചൊവ്വ, 30 ജനുവരി 2018 (11:51 IST)
ഒരു ജീവിതം മുഴുവന്‍ പാരതന്ത്ര്യത്തിന്‍റെ ഇരുട്ടിനെ ഇല്ലാതാക്കാനായി എരിച്ചു തീര്‍ത്ത മഹാത്യാഗിയുടെ ഓര്‍മ്മയില്‍ ഇന്ന് ഭാരതം കുമ്പിടുന്നു. ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനം. സഹിഷ്ണുതയ്ക്കും സമത്വത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാത്യാഗിയെ നമുക്ക് ഈ ദിനത്തില്‍ സ്മരിക്കാം.
 
ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ ലഹളകള്‍ നാടിനെ വീര്‍പ്പുമുട്ടിച്ച കാലമായിരുന്നു 1948 ന്‍റെ തുടക്കം. ജനുവരിയില്‍ ഡല്‍ഹിയില്‍ എത്തിയ ഗാന്ധിജിക്ക് പലയിടത്തും എതിര്‍പ്പിന്‍റെ ലഞ്ചനകള്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അന്ന് ഭരണത്തിലും അസ്വസ്ഥതകള്‍ നിറഞ്ഞിരുന്നു. ഇവ പരിഹരിക്കാനായി ഡല്‍ഹിയിലെത്തിയ ഗാന്ധിജിക്ക് തന്‍റെ ജീവിത ദൌത്യം തുടരാനായില്ല.
 
1948 ജനുവരി 30 ന് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി പൌത്രിമാരായ ആഭയുടെയും മനുവിന്‍റെയും തോളില്‍ കൈവച്ച് വേദിയിലേക്ക് നടന്നടക്കുകയായിരുന്നു ഗാ‍ന്ധിജി. എന്നാല്‍, അദ്ദേഹത്തിന് മരണ വാറണ്ടുമായി നാഥുറാം വിനായക് ഗോഡ്സേ, നാരായണ്‍ ആപ്തെ, വിഷ്ണു കാര്‍ക്കറെ എന്നിവരും അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു. 
 
ഗാന്ധിജി അടുത്ത് എത്തിയപ്പോള്‍ ഗോഡ്സേ അഭിവാദനം ചെയ്യാനെന്ന മട്ടില്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ഒന്നു കുനിഞ്ഞു, പിന്നെ കൈത്തോക്കില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ചീറിയെത്തി ആ മഹത്തായ ജീവിതത്തെ തട്ടിയെടുത്തു. സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മമുറയിലൂടെ ഒരു മഹാ മുന്നേറ്റം നടത്തിയ നമ്മുടെ രാ‍ഷ്ട്രപിതാവ് തന്‍റെ എഴുപത്തിയെട്ടാം വയസ്സില്‍ രക്ത സാക്ഷിയായി. 
 
അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തുക്കളും അനുയായികളും ആ ഓര്‍മ്മയുടെ ഭാഗമായി ചിതാഭസ്മം സൂക്ഷിച്ചിരുന്നു. ഇതെല്ലാം പിന്നീട് പലപ്പോഴായി നിമജ്ജനം നടത്തി. ഇത്തരത്തില്‍ അവസാനത്തേത് എന്ന് കരുതുന്ന ചിതാഭസ്മ ഭാഗം 2010 ജനുവരി 30നാണ് ദക്ഷിണാഫ്രിക്കയില്‍ കടലില്‍ നിമജ്ജനം ചെയ്തത്. കഴിഞ്ഞ 62 വര്‍ഷമായി ഒരു അനുയായി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിതാഭസ്മമായിരുന്നു അന്ന് നിമജ്ജനം ചെയ്തത്.
 
ഗാന്ധിജിയുടെ അറുപതാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ ഹിന്ദു ആചാര പ്രകാരം ചിതാഭസ്മം നിമജ്ജനം ചെയ്തിരുന്നു. തെക്കന്‍ മുംബൈയിലെ ഗിര്‍ഗോം ചൌപാത്തില്‍ ഗാന്ധിജിയുടെ പിന്‍‌മുറക്കാര്‍ 2008 ജനുവരി 30 ന് ആയിരുന്നു ചിതാഭസ്മ നിമജ്ജനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതിയെ കബളിപ്പിച്ചു; നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്