മിനറല്‍ വാട്ടറിന് പകരം ആസിഡ് കുടിച്ചയാള്‍ ആശുപത്രിയില്‍. സൗത്ത് കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. മിനറല്‍ വാട്ടര്‍ ചോദിച്ചയാള്‍ക്ക് കടക്കാരന്‍ ബാറ്ററി ആസിഡിന്റെ കുപ്പി നല്‍കുകയായിരുന്നു.
വയലിലെ പണി കഴിഞ്ഞ് മടങ്ങവെ ആണ് നിയാസ് അഹമ്മദ് എന്നയാള്‍ തൊട്ടടുത്ത കടയില്‍ കയറി ഒരു കുപ്പി വെള്ളം ചോദിച്ചത്. മിനറല്‍ വാട്ടറിന്റെ കുപ്പിയില്‍ ബാറ്ററി ആസിഡ് നിറച്ച് വച്ചിരുന്നു. വെള്ളത്തിനു പകരം ഈ കുപ്പി എടുത്തുനല്‍കി. ഒറ്റനോട്ടത്തില്‍ വെള്ളം തന്നെയാണെന്ന് തോന്നിയതാണ് കടക്കാരന് അമളി പറ്റാന്‍ കാരണം. നല്ല ദാഹം ഉള്ളതുകൊണ്ട് കുപ്പി പൊട്ടിച്ച ഉടനെ നിയാസ് അതില്‍ നിന്ന് കുടിക്കുകയും ചെയ്തു. ഉടനെ ചില അസ്വസ്ഥതകള്‍ തോന്നി. വേഗം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കടക്കാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.