ഉഡുപ്പി: സിപിഐ മാവോയിസ്റ്റ് ഉന്നത നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊലപാതകം. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് നേതാവായിരുന്നു വിക്രം ഗൗഡ.
ഏറ്റുമുട്ടലിനിടെ ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടു. ജയണ്ണ, വനജാക്ഷി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ വനമേഖലയിൽ തുടരുകയാണ്. കർണാടകത്തിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു വനമേഖലയിൽ തിങ്കളാഴ്ച ആയിരുന്നു ഏറ്റുമുട്ടൽ.
മലപ്പുറം നിലമ്പൂരിൽ ഉണ്ടായ ഏറ്റുമുട്ടലിൽനിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവായിരുന്നു വിക്രം ഗൗഡ. 2016ലായിരുന്നു നിലമ്പൂർ വനമേഖലയിൽ കേരള പോലീസിൻ്റെ ആൻ്റി നക്സൽ സ്ക്വാഡും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൊപ്പം ദേവരാജൻ, അജിത (കാവേരി) എന്നിവർ അന്ന് കൊല്ലപ്പെട്ടിരുന്നു.