മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇൻ്റർനെറ്റ് സേവനങ്ങൾ വിലക്കി. അഞ്ച് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഇംഫാൽ,വെസ്റ്റ് കാക്ചിങ്, തൗബാൾ,ജിരിബാം,ബിസ്ണുപൂർ,ചുരാചന്ദ്പൂർ,കാംഗ്പോക്പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്.
ചുരാചന്ദ്പൂരിലെ തോർബാങ്ങിൽ ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡൻ്സ് യൂണിയൻ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘർഷം. മീറ്റി സമുദായത്തെ പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് ഗോത്ര വർഗക്കാർ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ മറ്റ് വിഭാഗക്കാർ ഏറ്റുമുട്ടിയതാണ് സംസ്ഥാനമാകെ സംഘർഷത്തിലേക്ക് നയിച്ചത്.