ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തതോടെ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ് എൻസിബി ഡയറക്‌ടർ സമീർ വാങ്കഡെ. ബോളിവുഡിലെ ലഹരിമാഫിയക്കെതിരെ പോരാടുന്ന സേനാനി എന്ന തരത്തിൽ അറസ്റ്റുമായി ബന്ധപ്പെട്ട് സമീർ വാങ്കഡെയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. എന്നാൽ സമീർ വാങ്കഡെയ്ക്കെതിരായ ആരോപണങ്ങളാണ് സമീപകാലത്തായി പുറത്തുവരുന്നത്.
സമീര്‍ വാങ്കഡയ്‍ക്ക് എതിരെ എൻസിബി ഉദ്യോഗസ്ഥൻ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താതെയാണ് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീർ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു.
സമീർ നടി ദീപിക പദുകോൺ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസിൽ ഭീഷണിപ്പെടുത്തി പണം തട്ടി. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയാരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീർ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്. അഭിഭാഷകനായ അയാസ് ഖാൻ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. ഇത്തരത്തിലുള്ള 26 കേസുകളുടെ വിവരങ്ങൾ കത്തിൽ പറയുന്നു.
സമീർ വാങ്കഡെയ്‍ക്കൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്ന പേരിലാണ് കത്ത്. കത്ത് എൻസിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു. എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ അടക്കമുള്ളവർ ചേർന്ന് ഷാറൂഖ് ഖാനിൽ നിന്നും നിന്നും പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേസിലെ സാക്ഷിയായ പ്രഭാകർ സെയ്‌ൽ ആരോപിച്ചിരുന്നു.