Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Montha Cyclone: ബംഗാള്‍ ഉള്‍ക്കടലിലെ 'മോന്‍ത' ചുഴലിക്കാറ്റ് തീരം തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആന്ധ്രാപ്രദേശിലെ കകിനാഡ തീരത്തിനു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക. ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ കാറ്റിനു 110 കിലോമീറ്റര്‍ വരെ വേഗതയുണ്ടായേക്കാം.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി സര്‍വീസ് നടത്തേണ്ട നിരവധി പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുന്‍ഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് ഇത് സാരമായും ബാധിക്കുന്നത്.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ എല്ലാ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ടിക്കറ്റ് നില പരിശോധിക്കണമെന്നും നിര്‍ദേശം.
ഒഡിഷയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്ന എട്ട് തെക്കന്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും 1,496 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 3,000 ത്തോളം പേരെ ഒഡിഷ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.