Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛൻ മരിച്ചാൽ കുട്ടിക്ക് എന്ത് കുടുംബപ്പേര് നൽകണമെന്ന് അമ്മയ്ക്ക് തീരുമാനിക്കാം: സുപ്രീംകോടതി

അച്ഛൻ മരിച്ചാൽ കുട്ടിക്ക് എന്ത് കുടുംബപ്പേര് നൽകണമെന്ന് അമ്മയ്ക്ക് തീരുമാനിക്കാം: സുപ്രീംകോടതി
, വെള്ളി, 29 ജൂലൈ 2022 (14:22 IST)
പുനർവിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് ആദ്യ വിവാഹത്തിലെ മക്കളുടെ പേരിൻ്റെ കൂടെ രണ്ടാം ഭർത്താവിൻ്റെ പേര് ചേർക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. കഴിഞ്ഞ ദിവസമാണ് ഈ സുപ്രധാനമായ വിധി കോടതി പുറപ്പെടുവിച്ചത്.
 
പിതാവിൻ്റെ മരണശേഷം അമ്മയ്ക്ക് രണ്ടാം ഭർത്താവിൻ്റെ പേർ കുട്ടിക്ക് സർ നെയിം ആയി നൽകാം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. അമ്മയുടെ രണ്ടാമത്തെ ഭർത്താവിൻ്റെ പേർ രണ്ടാനച്ഛൻ എന്ന രീതിയിൽ രേഖകളിൽ ഉൾപ്പെടുത്തുന്നത് ക്രൂരമാണെന്നും ഇത് കുട്ടിയുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
 
ജസ്റ്റിസുമാരാര ദിനേശ് മഹേശ്വരി,കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് സുപ്രധാന വിധി. കുട്ടിയുടെ സർ നെയിം സംബന്ധിച്ച് കുട്ടിയുടെ അമ്മയും പിതാവിൻ്റെ മാതാപിതാക്കളും തമ്മിലുണ്ടായ തർക്കത്തിലാണ് സുപ്രീം കോടതി വിധി. ഭർത്താവ് മരിച്ചതിനെ തുടർന്ന് വീണ്ടും വിവാഹം ചെയ്ത യുവതി കുട്ടിയുടെ പേരിൻ്റെ കൂടെ പുതിയ ഭർത്താവിൻ്റെ പേര് ചേർത്തത് ചോദ്യം ചെയ്തുകൊണ്ടാണ് പിതാവിൻ്റെ മാതാപിതാക്കൾ കോടതിയിൽ പോയത്.
 
ഈ കേസിൽ കുട്ടിയുടെ അച്ഛൻ്റെ കുടുംബപേര് പുനസ്ഥാപിക്കാനായിരുന്നു ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് അമ്മ സുപ്രീം കോടതിയെ സമീപിച്ചത്.രേഖകൾ അനുവദിക്കുന്നിടത്തെല്ലാം സ്വാഭാവിക പിതാവിന്റെ പേര് കാണിക്കണമെന്നും അത് അനുവദനീയമല്ലെങ്കിൽ അമ്മയുടെ പുതിയ ഭർത്താവിന്റെ പേര് "രണ്ടാനച്ഛൻ" എന്ന് രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്.
 
ആദ്യ ഭർത്താവിൻ്റെ മരണശേഷം കുട്ടിയുടെ ഒരേയൊരു സ്വാഭാവിക രക്ഷാധികാരി എന്ന നിലയിൽ കുട്ടിയെ പുതിയ കുടുംബത്തിൽ ഉൾപ്പെടുത്തുന്നതിന് കുടുംബപേര് തീരുമാനിക്കുന്നതിൽ നിന്നും അമ്മയെ നിയമപരമായി തടയാൻ സാധ്യമല്ലെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ