ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനിശോചനം രേഖപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം ഉണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും നരേന്ദ്രമോദി അനുശോചന കുറിപ്പില്‍ പറയുന്നു.
വിവിധ ഭാഷകളിലായി പി ജയചന്ദ്രന്‍ പതിനാറായിരത്തോളം പാട്ടുകളാണ് പാടിയിട്ടുള്ളത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും 5 പ്രാവശ്യം സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും നേടിയിരുന്നു. കഴിഞ്ഞ ദിവസം 7.54നാണ് അദ്ദേഹം അന്തരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകന്‍ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയാണ് അദ്ദേഹം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.