ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളം സന്ദർശിക്കും. രാജ്‌ഭവനില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ഗസ്‌റ്റ് ഹൗസില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും കാണുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ, ദുരിത ബാധിത പ്രദേശമായ പൂന്തുറയിൽ നേരിട്ട് സന്ദർശനം നടത്താനാണ് മോദിയുടെ തീരുമാനം.
പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ വച്ച് ദുരിതബാധിതരെ പ്രധാനമന്ത്രി ഇന്നു കാണും. രാജ്‌ഭവനിലോ വിമാനത്താവളത്തിലോ വച്ചാകും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച എന്നും സൂചനയുണ്ട്.
ഓഖി ദുരന്തം വിതച്ച ലക്ഷദ്വീപിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. സെക്രട്ടേറിയറ്റില്‍വച്ച് ദ്വീപ് നിവാസികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി കേള്‍ക്കും. ഓഖിയില്‍ കനത്ത നാശനഷ്‌ടമുണ്ടായ ലക്ഷദ്വീപിനു മാത്രമായി പാക്കേജ് പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ദ്വീപ് നിവാസികള്‍ ഉയര്‍ത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട്.