Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്രമമേതും ഇല്ലാത്ത കേരളം, ഇന്ത്യ, ലോകം; അതിനായി നമുക്കും കൈകോർക്കാം

അക്രമം ഇല്ലാത്ത ലോകത്തിനായി കൈകോർക്കാം

അക്രമമേതും ഇല്ലാത്ത കേരളം, ഇന്ത്യ, ലോകം; അതിനായി നമുക്കും കൈകോർക്കാം
, ബുധന്‍, 29 നവം‌ബര്‍ 2017 (14:07 IST)
1993ൽ ജനീവയിൽ തുടക്കം കുറിച്ച സമാധാനദൂതരുടെ കൂട്ടായ്മയായ നോൺവയലൻസ് പ്രൊജക്റ്റ്  ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഭാഗമാകാൻ ഇന്ത്യയും. ലോകത്തെ അക്രമരഹിതമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി വിവിധ കർമ്മപദ്ധതികളും പരിശീലനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനീവയിൽ തുടക്കമിട്ട സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന 31മത്തെ രാജ്യമാണ് ഇന്ത്യ. 
 
ലോകത്ത് അക്രമരാഹിത്യം വളരെ ആവശ്യമായി മാറിയിരിക്കുന്നു. മതം, ജാതി, വർഗം, വർണ്ണം, രാഷ്ട്രീയം, സമുദായികം എന്നിങ്ങനെ പല കാരണങ്ങളാൽ ലോകത്ത് ആക്രമണം വർധിച്ചു കൊണ്ടേയിരിക്കുന്നു. ആക്രമണങ്ങൾ മനുഷ്യനെ തമ്മിൽ അകറ്റുകയാണ് ചെയ്യുന്നത്. 
 
പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞും അക്രമത്തിനു വിധേയമാക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം. പലപ്പോഴും നാം ഇത് തിരിച്ചറിയുന്നില്ല. നീതിരഹിതമായ ഏത് പ്രവൃത്തിയും അക്രമമാണ്. ഈ ആക്രമണങ്ങളെ തുടച്ചു നീക്കാൻ കഴിയില്ലെങ്കിലും കൺട്രോൾ ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. പല രീതിയിലാണ് ലോകത്ത് ആക്രമങ്ങൾ നിലകൊള്ളുന്നത്. 
 
webdunia
ജനിച്ചു വീഴുന്ന കുഞ്ഞിന്റെ അവകാശമാണ് ശുദ്ധവായു. എന്നാൽ, ശുദ്ധവായു പോലും ലഭിക്കാതെ ആശുപത്രിയിൽപ്പോലും മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം പെരുകുകയാണ്. മണിക്കൂറുകൾ മാത്രമാണ് ഈ വാർത്തയുടെ ആയുസും. അതിനപ്പുറത്തേക്ക് അവർ പോലും ആ കുഞ്ഞുങ്ങളെ മറക്കുന്നു. ഇതേ അവസ്ഥ തന്നെയാണ് ശുദ്ധ ജലത്തിന്റെ  കാര്യത്തിലും. ജലജന്യ രോഗങ്ങൾമൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് ഓരോ വർഷം കഴിയുമ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനിച്ച് വീഴുന്ന കുഞ്ഞ് അവനറിയാതെ ആരിൽ നിന്നൊക്കെയോ അക്രമങ്ങൾ നേരിടേണ്ടി വരുന്നു. 
 
പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ലക്ഷക്കണക്കിനു ജനങ്ങൾ ഇന്ത്യയിൽ ഇന്നുമുണ്ട്. അവർക്ക് വിദ്യാഭ്യാസം ബാലികേറാമലയാണ്. ഒരു മനുഷ്യന്റെ പുരോഗതിയുടെ അടിസ്ഥാനഘടകം എന്ന് പറയുന്നത് വിദ്യാഭ്യാസമാണ്. അത് നൽകാത്ത പക്ഷം ലോകത്ത് എങ്ങനെ പുരോഗതി നേടിയെടുക്കാനാകും എന്നത് പലർക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
 
തൊഴിലില്ലായ്മയാണ് മറ്റൊരു വലിയ പ്രശ്നം. ജോലിചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ  മാന്യമായ വേതനവും വിദ്യാഭ്യാസത്തിനു യോജിച്ച അംഗീകാരവും ലഭിക്കുന്നില്ല എന്നതാണ് സത്യം.  അവകാശങ്ങൾക്കുവേണ്ടി സംഘടിക്കാനോ, ആവശ്യങ്ങൾ ഉന്നയിക്കാനോ അവർക്കാരുമില്ല.  അയ്യായിരമോ ആറായിരമോ മാത്രം മാസവേതനം കിട്ടുന്ന അധ്യാപകർ, തുണിക്കടയിലും മറ്റും ജോലിചെയ്യുന്നവർ, സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാർ, ഫാർമസിസ്റ്റുകൾ, തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെടുന്നവരിൽ ഈ വിവേചനം കാണാൻ കഴിയും. ഇതും അക്രമമല്ലേ?
 
webdunia
കലാ- കായിക മേളകളിൽ നടക്കുന്ന തരം തിരിവുകൾ, വിവേചനകൾ, സ്വജന പക്ഷപാതം. ഇവയും അക്രമം തന്നെയല്ലേ? 'ഒന്നാമൻ' നീയായിരിക്കണമെന്ന മാതാപിതാക്കളുടെ വാശിയിൽ ജീവിതം അവസാനിപ്പിക്കുന്ന കുട്ടികൾ. പലപ്പോഴും ഇക്കാര്യങ്ങളിൽ കുട്ടികൾക്ക് വിജയിക്കാൻ കഴിയാതെ വരുമ്പോൾ സമൂഹത്തെയും മാതാപിതാക്കളെയും അഭിമുഖീകരിക്കാൻ ത്രാണിയില്ലാതെ മയക്കുമരുന്നുകളുടെയോ ആത്മഹത്യയുടെയോ ലോകത്ത് അഭയം തേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഇത് സാംസ്കാരികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഉന്നത നിലവാരം പുലർത്തുന്നു എന്നവകാശപ്പെടുന്ന ഒരു സമൂഹത്തിനു അപമാനമാണ്. 
 
വിദ്യാലയങ്ങളിലും  കലാലയങ്ങളിലും വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക- ശാരീരിക പീഡനങ്ങൾ. അതോടൊപ്പം, മാതാപിതാക്കളുടെ ട്യൂഷൻ ഭ്രമം. അതിരാവിലെ ഉണരുന്നതു മുതൽ  നേരം ഏറെ വൈകി ഉറങ്ങുന്നതുവരെ പഠനവും പുസ്തകവുമായി കഴിയാൻ വിധിക്കപ്പെടുന്ന കുഞ്ഞുങ്ങൾ. ബാല്യത്തിലും കൗമാരത്തിലും പഠനം മാത്രം. കൂട്ടിലടക്കപ്പെട്ട കോഴികുഞ്ഞുങ്ങൾക്കു സമാനമാണ് വളർന്നു വരുന്ന കുട്ടികൾ. ഇത് അക്രമം അല്ലെ?.
 
webdunia
കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷണങ്ങൾ അവരെ സമൂഹദ്രോഹികളാക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. സമരത്തിന്റെയും ഹർത്താലിന്റെയും പേരിൽ നടക്കുന്ന അക്രമങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളികളാകുന്നത് കൂടുതലും യുവാക്കളാണ്. അതുപോലെ സ്കൂളുകളിലും കോളേജുകളിലും നടമാടുന്ന റാഗ്ഗിങ്ങ്, ശാരീരിക, മാനസികപീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവയെല്ലാം അവർ അനുഭവിച്ചിരുന്ന മാനസിക പിരിമുറുക്കത്തിന്റെ ഫലമല്ലേ? 
 
ഇന്ന് ഭക്ഷണത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും നാം വഞ്ചിക്കപ്പെടുന്നു. വിഷപദാർത്ഥങ്ങളും മാലിന്യങ്ങളും കീടനാശിനികളും നിറഞ്ഞ ഭക്ഷണം  കൊച്ചുകുഞ്ഞു മുതൽ പ്രായമായവരുടെ വരെ ജീവിതത്തെ ദുരിതപൂരിതമാക്കുന്നു. ഒരു വ്യക്തിയുടെ ആരോഗ്യപൂർണമായ ജീവിതത്തിനു അവസാനം ഇടുന്ന പ്രവണതകൾ  അക്രമമല്ലേ.?   
 
webdunia
കാർഷികമേഖല തകർന്നടിയുകയാണ്. കാർഷിക വിഭവങ്ങൾക്ക് വിലയില്ലാത്ത കേരളത്തിലെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കൃഷി കുറഞ്ഞത് കാലാവസ്ഥയുടെ വ്യതിയാനത്തിനും പ്രകൃതിചൂഷണം ഒരു കാരണമായി. ജനിച്ചു വീഴുന്ന കുഞ്ഞുമുതൽ പ്രായമേറിയവർ വരെ നിത്യരോഗികളായി. കാൻസർ ഉൾപ്പെടെ മാരക രോഗങ്ങൾ  കേരളത്തെ ആക്രമിച്ചു കീഴടക്കുന്നു.  പ്രകൃതിയുടെ സമതുലിതാവസ്ഥ തകിടം മറിക്കുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ, നിലം നികത്തലുകൾ, കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് കേരളത്തെ നയിക്കുന്നു.  പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തുന്ന ഈ കടന്നുകയറ്റം അക്രമമല്ലേ. ?
 
ഇങ്ങനെ ചോദ്യങ്ങൾ അനവധിയാണുള്ളത്. ഇവയെല്ലാം ഇനിയും ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ? നമ്മൾ മനസ്സ് വെയ്ക്കുന്നതിനനുസരിച്ച് ലോകത്ത് മാറ്റങ്ങളും ഉണ്ടാകും. മനസ്സുണ്ടെങ്കിൽ എന്തും നന്നാക്കാം എന്നാണല്ലോ ചൊല്ല്.
 
ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള സംസ്ഥാനം കേരളമാണ്, ഇവിടെ തന്നെയാണ് ഏറ്റവും കൂടുതൽ ആഭാസത്തരങ്ങളും അരങ്ങേറു‌ന്നത്. ഏറ്റവും കൂടുതൽ ആരോഗ്യബോധമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ മാറാരോഗികളും നിത്യരോഗികളും ഉള്ളത്. ഏറ്റവും കൂടുതൽ പ്രാർത്ഥനാലയങ്ങളും ധ്യാനകേന്ദ്രങ്ങളുമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ വിവാഹമോചനകളും മതത്തിന്റ പേരിലുള്ള വിഭാഗീയ ചിന്തകളും അക്രമങ്ങളും അരങ്ങേറുന്നത്. ഏറ്റവും കൂടുതൽ കാർഷികാവബോധമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ വിഷപദാർത്ഥങ്ങളടങ്ങിയ ഭക്ഷണവസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്നത്. ഏറ്റവും കൂടുതൽ സാമൂഹികബോധ്യവും സഹോദര്യചിന്ത യുമുള്ള കേരളത്തിലാണ് ഏറ്റവും കൂടുതൽ അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും ഉള്ളതും. ഏറ്റവും കൂടുതൽ വിദ്യാഭ്യാസകേന്ദങ്ങളുള്ള കേരളത്തിലാണ് ഏറ്റവുംകൂടുതൽ മനോരോഗികളും മനോരോഗ ചികിത്സകേന്ദ്രങ്ങളും ഉള്ളത്. 
 
webdunia
ഇതിനൊക്കെ കാരണമാകുന്നത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും തകരുന്ന കുടുംബബന്ധങ്ങളുമാണ്. ഇങ്ങനെയുള്ളയിടങ്ങളിൽ ശാന്തിദൂതുമായി കടന്നുചെല്ലുന്നവരുടെ ആവശ്യകത കൂടിവരുന്നു.
 
സമാധാനത്തിനുവേണ്ടിയുള്ള ലോകത്തിലെ ഏറ്റവും മനോഹരവും മൂല്യവത്തായതുമായ പരിശീലന പരിപാടികളാണ് നോൺ വയലൻസ് പ്രൊജക്റ്റ് ഫൗണ്ടേഷൻ ലോകവ്യാപകമായി നടത്തുന്നത്. മുപ്പതിലധികം രാജ്യങ്ങളിൽ ഇതിനകം സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ  ഒരു സംരംഭമാണിത്. ഇതിനകം എട്ടു ദശലക്ഷത്തിലധികം പേർക്ക് പ്രോത്സാഹനവും പിന്തുണയും പരിശീലനവും നൽകി  ജൈത്രയാത്ര നടത്തുന്ന ഒരു അന്താരാഷ്ട്ര  കൂട്ടായ്മ. 
 
ജീവിതത്തിന്റെ വിവിധ തലത്തിലുള്ള വ്യക്തികളുമായും പ്രസ്ഥാനങ്ങളുമായും ആശയ വിനിമയം നടത്തുകയും അവരെ ബോധവത്കരിക്കുകയും ചെയ്യുന്നതിനായുള്ള കൂട്ടായ പ്രവർത്തനവുമാണ് ഈ സംഘടന ഭാരതത്തിൽ വിഭാവനം ചെയ്യുന്നത്. സുസ്ഥിരവികസനത്തിലൂന്നിയ അക്രമരഹിത സമൂഹസൃഷ്ടി എന്നതാണ് സംഘടനയുടെ ലക്ഷ്യം.
 
ഇതിനായി, വിദ്യാലയങ്ങളിൽ ശാന്തിസേനകൾ രൂപീകരിക്കുക. സ്വയം പര്യാപ്തതയുടെ അവശ്യകത മനസ്സിലാക്കി അതിനായുള്ള പരിശീലനം നൽകുക. വിദ്യാലയങ്ങളെ സമാധാത്തിന്റെ ചാലകങ്ങളാക്കുക തുടങ്ങിയവയും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഇതിനായി ത്രിദിന പരിശീലന പരിപാടി മൂന്നാറിൽ വെച്ചു  നടത്തുന്നു.  
 
webdunia
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 30 പേർ ഡൽഹിയിൽ വെച്ച് 2017 നവംബർ11 മുതൽ 15 വരെ നടത്തിയ പ്രഥമ പരിശീലനപരിപാടിയിൽപങ്കെടുത്തു പരിശീലകർക്കുള്ള പരിശീ ലനം വിജയകരമായി പൂർത്തിയാക്കി. 2025  ആകുമ്പോഴേക്കും അക്രമ സംഭവങ്ങളുടെ തീവ്രതയിൽ 5 മുതൽ 10 ശതമാനം വരെ കുറവുണ്ടാകുന്നതിനുള്ള ക്രിയാത്മക പ്രവർത്തങ്ങൾ നടപ്പിലാക്കുക എന്നതും സംഘടന ലക്ഷ്യമിടുന്നു.
 
ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു  തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഒന്ന് ചേർന്ന് കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു.  ഇതിന്റെ ഭാഗമായി 2018 ഫെബ്രുവരിയിൽ  ശ്രീപെരുമ്പത്തൂരിലും മാർച്ചു മാസത്തിൽ  ബംഗളൂരിലും മൂന്നാറിലും വിവിധ  പരിപാടികൾ സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു