സമ്മര്‍ദ്ദത്തില്‍ ഒപിഎസും ശശികലയും; ഗവര്‍ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും - ചെന്നൈയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ചെന്നൈയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; ഗവര്‍ണര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും
രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാടിന് ഇന്ന് നിര്‍ണായക ദിവസം. സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് റിപ്പോര്‍ട്ട്.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല ക്യാമ്പില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ കാവല്‍ മുഖ്യമന്ത്രി പനീർ സെൽവത്തിനൊപ്പം ചേരുന്നതാണ് ഞായറാഴ്‌ചയും കണ്ടത്. ഗവർണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ശശികല വ്യക്തമാക്കിയിരുന്നു.
താൻ ആരെയും പൂട്ടിയിട്ടിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് എഐഎഡിഎംകെ എംഎൽഎമാർ തന്നെ പിന്തുണയ്ക്കുന്നത്. എംഎല്‍എമാർ ഭീഷണി നേരിടുന്നുണ്ട്. പാർട്ടി ഇപ്പോഴും ഒറ്റക്കെട്ടാണെന്നും ശശികല ഞായറാഴ്‌ച പറഞ്ഞു.
ദിവസം കഴിയുന്തോറും പനീർ സെൽവത്തിന് പിന്തുണ കൂടുന്നുവെന്ന് കണ്ടുകൊണ്ടാണ് ശശികലയുടെ പുതിയ നടപടി. ഇതിനിടെ ഒപിഎസിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.