Odisha Train Accident: ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 230 കടന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന് അറിയാന്‍ തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഷാലിമാറില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841), യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഒഡിഷയില്‍ ഇന്ന് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് പാളം തെറ്റി മറിയുകയായിരുന്നു. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റി കിടക്കുന്ന കോച്ചുകളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ സമീപത്തെ ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു.