ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു
കരൂര്‍ ദുരന്തത്തില്‍ വിജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സില്‍ അറസ്റ്റ് വിജയ് എന്ന ക്യാമ്പയ്ന്‍ നടക്കുന്നതിനിടെയാണ് നടിയും സമാന ആവശ്യം ഉന്നയിച്ചത്.
കരൂര്‍ ദുരന്തത്തിന് പിന്നാലെ നടനും ടിവികെ നേതാവുമായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട നടി ഓവിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. 39 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ നൂറിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയെ അറസ്റ്റ് ചെയ്യണമെന്നാണ് ഓവിയ ആവശ്യപ്പെട്ടത്. കരൂര്‍ ദുരന്തത്തില്‍ വിജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സില്‍ അറസ്റ്റ് വിജയ് എന്ന ക്യാമ്പയ്ന്‍ നടക്കുന്നതിനിടെയാണ് നടിയും സമാന ആവശ്യം ഉന്നയിച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അറസ്റ്റ് വിജയ് എന്ന് താരം കുറിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത അധിക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ഈ സ്റ്റോറി ഓവിയ തന്നെ പിന്‍വലിക്കുകയും ചെയ്തു. കേട്ടാലറയ്ക്കുന്ന കമന്റുകളും മെസേജുകളുമാണ് വിജയ് ആരാധകരില്‍ നിന്നും താരത്തിന് ലഭിച്ചത്. തനിക്ക് ലഭിച്ച ചില കമന്റുകള്‍ ഓവിയ തന്നെ പങ്കുവെയ്ക്കുകയും ചെയ്തു. അണ്ണനെ പറ്റി പറഞ്ഞാല്‍ ഉടമ്പ് ഇറുക്കും ഉയിര്‍ ഇറുക്കാത് എന്നടക്കമുള്ള വധഭീഷണികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.