Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay: തമിഴ്‌നാടിന്റെ 'രക്ഷകൻ' രക്ഷയില്ലാതെ സ്ഥലം വിട്ടു: വിജയ്‌യെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

ദുരന്തം നടന്നതറിഞ്ഞാണ് നടൻ ചെന്നൈയിലേക്ക് വിമാനം കയറിയത്.

Vijay

നിഹാരിക കെ.എസ്

, ഞായര്‍, 28 സെപ്‌റ്റംബര്‍ 2025 (09:39 IST)
കരൂർ: തമിഴ്നാട് ഭരണം 2026ൽ പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ വിജയ്ക്ക് ടി.വി.കെ കരൂർ റാലി ദുരന്തം വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മിനിറ്റുകൾക്കുള്ളിൽ വിജയ് സ്ഥലം വിട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ദുരന്തം നടന്നതറിഞ്ഞാണ് നടൻ ചെന്നൈയിലേക്ക് വിമാനം കയറിയത്. 
 
ദുരന്തത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാനോ ദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലെത്തിച്ചവരെ സന്ദർശിക്കാനോ വിജയ് തയ്യാറായില്ല. തമിഴ്‌നാടിന്റെ 'രക്ഷകൻ' എന്ന് വാഴ്ത്തപ്പെട്ട വിജയ്‌യുടെ രാഷ്ട്രീയജീവിതത്തിലെ കരിനിഴലായി ഈ ദിവസമുണ്ടാകും. ദുരന്തത്തിന് പിന്നാലെ വൻ നിയമക്കുരുക്കിലേക്ക് ആണ് നടൻ വീഴുക. 
 
കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പ‌ഞ്ച് ഡയലോഗുകളുമായി ഇറങ്ങിയ വിജയ്‌യുടെ മാസ് പരിവേഷം കരൂരിൽ തകർന്നുവീണു. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമർശനം ശക്തമാവുകയാണ്.
 
കന്നി അങ്കത്തിന് മുന്നോടിയായി നടക്കുന്ന റാലി ഡിസംബർ 20ന് തീരുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് ജനുവരി വരെ നീട്ടി. ആദ്യ റാലി മുതൽ നിയന്ത്രണങ്ങൾ മറികടന്നെത്തിയ ആൾക്കൂട്ടം കോടതിയെ പോലും ആശങ്കപ്പെടുത്തി. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിൽ ഒരാൾ മരിച്ചതോടെ ആശങ്ക വെറുതേയല്ലെന്ന് വ്യക്തമായി. സമ്മേളനങ്ങൾ നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് കോടതി വിജയ്യോട് കടുപ്പിച്ച് പറഞ്ഞു. വിജയ് അടക്കമുള്ള നേതാക്കൾ അത് അവഗണിച്ചു. 
 
കരൂർ അപകടത്തിന് കാരണക്കാരാണെന്ന വിലയിൽ വിജയ്‌ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ തിയേറ്ററിലെ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അറസ്റ്റിലായത് ഈ സാഹചര്യവുമായി സാമ്യമുണ്ട്. അല്ലു അർജുനെതിരെ ഭാരതീയ ന്യായ സംഹിത (BNS) യിലെ 105, 118(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
 
ബിഎൻഎസ് സെക്ഷൻ 105: 'കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ' (culpable homicide not amounting to murder) കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയോ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടോ ചെയ്യുന്ന പ്രവൃത്തികൾ മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ ഇത് ഗുരുതരമായ കുറ്റമാണ്. ഈ വകുപ്പ് പ്രകാരം കുറ്റവാളികൾക്ക് ജീവപര്യന്തം തടവോ അല്ലെങ്കിൽ അഞ്ച് മുതൽ 10 വർഷം വരെ തടവോ ലഭിക്കാം. പിഴയും ഈടാക്കാൻ സാധ്യതയുണ്ട്.
 
ബിഎൻഎസ് സെക്ഷൻ 118(1): അപകടകരമായ ഉപകരണങ്ങളോ മറ്റ് മാർഗ്ഗങ്ങളോ ഉപയോഗിച്ച് ഒരാൾ മറ്റൊരാൾക്ക് മനഃപൂർവം ദോഷം വരുത്തുമ്പോൾ ഈ വകുപ്പ് ചുമത്തും. ഈ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karur Stampede: 'വിജയ്‌യെ കാണാൻ പോയതാ അവർ, അടുത്ത മാസം കല്യാണമായിരുന്നു'; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും