ഇന്ത്യക്കാരെന്നാല്‍ ആര്‍എസ്എസ്സും ബിജെപിയും മാത്രമാണോ ? ബിജെപി നേതാവ് തരുൺ വിജയ്‌യോട് പി ചിദംബരം
ആരാണ് ഈ ‘ഞങ്ങൾ’?: ബിജെപി നേതാവ് തരുൺ വിജയ്‌യോട് പി.ചിദംബരം
ബിജെപിയുടെയും ആർഎസ്എസിന്റേയും പ്രവർത്തകർ മാത്രമാണോ ഇന്ത്യക്കാരെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ദക്ഷിണേന്ത്യക്കാരെ ഒന്നടങ്കം ആക്ഷേപിച്ച ബിജെപി നേതാവ് തരുൺ വിജയ്‌യ്ക്കു മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ഞങ്ങള്‍ കറുത്തവരോടൊപ്പം വരെ ജീവിക്കുന്നവരാണെന്ന് തരുണ്‍ വിജയ് പറയുമ്പോള്‍ ആരാണ് ഈ ഞങ്ങൾ? ഞങ്ങൾ എന്നത് ആർഎസ്എസും ബിജെപിയും മാത്രമാണോ? ഇവരെ മാത്രമേ ഇന്ത്യക്കാരായി കണക്കാക്കുന്നുള്ളോ? എന്നും ചിദംബരം സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ചോദിച്ചു.
ദക്ഷിണേന്ത്യക്കാരായ കറുത്തനിറത്തിലുള്ളവര്‍ നമ്മുടെ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ഒരു കാരനവശാലും ആക്രമിക്കില്ലെന്നുമാണ് തരുണ്‍ വിജയ് പറഞ്ഞത്. നൈജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു തരുണിന്റെ ഈ വിവാദ പരാമർശം. കുറേനാൾ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയിൽ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാൽ ഇവ വംശീയമായ ആക്രമണമാണെന്ന് പറയാനാവില്ലെന്നും തരുണ് പറഞ്ഞു.