ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ കടക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളെ പറ്റിയുള്ള ചര്‍ച്ച നടന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.
യോഗത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിവര്‍ പങ്കെടുത്തു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി പാകിസ്ഥാനെ ബുദ്ധിമുട്ടിലാക്കാനാണ് ഇന്ത്യന്‍ നീക്കം. ഇറക്കുമതിയടക്കം എല്ലാ വ്യാപാരബന്ധങ്ങളും ഇന്ത്യ പൂര്‍ണ്ണമായും നിര്‍ത്തിയേക്കും.
പാകിസ്ഥാനി വിമാനങ്ങളുടെ സഞ്ചാരപാത തടയാനായി ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടും. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാണിക്കാനുള്ള നടപടികളും സ്വീകരിക്കും.