കോവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമായി ഇതു മാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ നാളെ മുതൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
20 ലക്ഷം കോടി രൂപ എന്നത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. ലോകത്തെ ഏറ്റവും മികച്ച ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഇന്ത്യ മാറും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ഒരു വൈറസ് രാജ്യത്തെ താറുമാറാക്കിയിരിക്കുകയാണെന്ന് മോദി പറഞ്ഞു. എന്നാല്‍ നമ്മുടെ ദൃഢനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ വലുതാണ്. കോടിക്കണക്കിന് ജീവിതങ്ങളാണ് വെല്ലുവിളി നേരിടുന്നത്. പക്ഷേ നമ്മള്‍ ഇതിനെ മറികടക്കുക തന്നെ ചെയ്യും.
ഇത്തരം ഒരു പ്രതിസന്ധി ലോകം ഒരിക്കലും നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്‌ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. സ്വയം പര്യാപ്‌തത ഉറപ്പാക്കിയാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും.
ലോകം ധനകേന്ദ്രീകൃതമായ സ്ഥിതിയില്‍ നിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്.ആപത്തിന് അവസരമാക്കി പി പി ഇ കിറ്റുകളുടെ ദൌര്‍ലഭ്യം മറികടന്നു.
കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കില്ല. മാനവികത നേരിടുന്ന വെല്ലുവിളിയാണിത്. സ്വയംപര്യാപ്‌ത ഇന്ത്യയാണ് ഇനി ഉണ്ടാവേണ്ടതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.