ഇന്നത്തെ ഇന്ത്യ പാമ്പാട്ടികളുടെ നാടല്ല, ലോകത്തെ പ്രധാന ഐടി ഹബ്ബാണ് രാജ്യം: പ്രധാനമന്ത്രി
ലോകത്തെ പ്രധാന ഐടി ഹബ്ബാണ് രാജ്യം: പ്രധാനമന്ത്രി
ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നേരത്തെ വിദേശികൾ ഇന്ത്യയെ പാമ്പാട്ടികളുടെ രാജ്യമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഐടി വ്യവസായം രാജ്യത്തിന്റെ ആ പ്രതിച്ഛായ മാറ്റി. ലോകം ഇന്ന് ഇന്ത്യയെ നോക്കുന്നത് ആഗോള തലത്തിലുള്ള കാഴ്ചപ്പാടോടെയാണ്. ഇന്ത്യയിലെ യുവാക്കളായ ഐടി വിദഗ്ദ്ധരാണ് ഈ കാഴ്ചപ്പാട് രൂപപ്പെടുത്തിയതെന്നും മോദി ചൂണ്ടിക്കാട്ടി.
പട്ന സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിനുണ്ടായ മാറ്റത്തില്‍ സന്തോഷമുണ്ട്. 80കോടി യുവാക്കളാണ് ഇന്ത്യയിലുള്ളത്. ഇവരിൽ 65 ശതമാനം പേരും 35 വയസിന് താഴെയുള്ളവരാണ്. ഇത്രയും യുവാക്കളുള്ള ഇന്ത്യക്ക് അസാധ്യമായി യാതൊന്നും ഇല്ലെന്ന് മനസിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ലോകത്തെ മികച്ച 500 സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നൊരെണ്ണം പോലുമില്ലാത്തതിൽ മോദി നിരാശയും രേഖപ്പെടുത്തി.
2022ൽ ബിഹാറിൽ വികസനം പൂർത്തിയാകുമെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. 3700 ഓളം കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും മോദി നടത്തി.