പ്രളയത്തിലാണ് നന്മയുള്ള മനുഷ്യനെ നാം തിരിച്ചറിയുക. കേരളം മാത്രമല്ല, ഗുജറാത്തും കർണാടകയും മുംബൈയും പ്രളയഭീതിയിലായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തുന്നവരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അത്തരത്തിൽ ഗുജറാത്തിൽ നിന്നുമുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.
പ്രളയത്തിൽ നാടു മുങ്ങിയപ്പോൾ പെൺകുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥനാണ് സംഭവത്തിലെ ഹീറോ. ഗുജറാത്തിലെ മോർബി ജില്ലയിൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളക്കെട്ടിൽ അകപ്പെട്ട പെൺകുട്ടികളെ രണ്ടു തോളിലുമേറ്റി പൊലീസ് ഉദ്യോഗസ്ഥൻ നടന്നത് ഒന്നര കിലോമീറ്റർ ദൂരമാണ്.
പൊലീസ് കോൺസ്റ്റബിളായ പൃഥ്വിരാജ്‌സിൻഹ് ജഡേജയാണ് കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ഒന്നര കിലോമീറ്റർ വെള്ളം നീന്തിയാണ് അദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയത്. ഇദ്ദേഹത്തെ അഭിനന്ദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.